Monday, 26 February 2018

ഗൗര്യാപ്ലയും താത്തിയും.

ഗൗര്യാപ്ലയും താത്തിയും.
--------------------------------------

ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതൽ എന്റമ്മയുടെ കൈസഹായിയാണ്. രാവിലെ എണീറ്റു മുറ്റമടിക്കും. കാപ്പി കുടിച്ച ഗ്ലാസ് കഴുകി വെയ്ക്കും. പിന്നെ അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങാൻ കടയിലും പോവും.

അങ്ങനെ സ്ഥിരമായി അമ്മ എന്നെ വിട്ടിരുന്ന കടയാണ് ഗൗര്യാപ്ലയുടെ കട. അദ്ദേഹത്തിനന്നു തന്നെ ഒരറുപതു വയസ്സുണ്ടായിരുന്നിരിക്കണം. നല്ല പാതി താത്തിയ്ക്ക് അമ്പത്തഞ്ചൊക്കെയായിട്ടുണ്ടാവും.

രണ്ടു പേരുടെയും ശരിയായ പേരൊന്നും എനിക്കറിയില്ല. എല്ലാവരും വിളിച്ചിരുന്നത് ഗൗര്യാപ്ല, താത്തി എന്നൊക്കെത്തന്നെ.

ഒരൂസം ഞാൻ രാവിലെ ഗൗര്യാപ്ലയുടെ പീട്യേലേയ്ക്ക് യാത്ര പുറപ്പെട്ടു. കടയിൽ പോകാൻ വിടുന്നതു തന്നെ സന്തോഷള്ള കാര്യാണ്. വീട്ടിലെ കാര്യൊക്കെ നോക്ക്വാണെന്ന് തോന്നുന്ന, ഒരു തരം ചുമതലാബോധത്തിൽ നിന്നുണ്ടാകുന്ന ഗമ, അതെനിക്ക് തോന്നാറുണ്ടായിരുന്നു.

ഒരു ഞായറാഴ്ച രാവിലെയാ സംഭവം. അമ്മ വേലിയുടെ അടുത്ത് നിൽക്കും. ഞാൻ നടന്ന് റോഡിനിപ്പുറം നിൽക്കും. എന്നെ കാണുന്നതും താത്തി റോഡ് ക്രോസ്സ് ചെയ്തു വന്ന് എന്നെക്കൂട്ടി അപ്പുറത്ത് കടക്കും. ഇതാണ് സാധാരണ രീതി. അന്ന് ഞായറാഴ്ച ആയോണ്ട് താത്തി പള്ളീന്ന് എത്തീട്ടില്യ. ഞാൻ ക്രോസ്സ് ചെയ്യാൻ റെഡിയായി ഇപ്പുറമെത്തുമ്പോൾ വെളള ഷർട്ടും വെള്ളമുണ്ടുമുടുത്ത് ഒരു സഞ്ചിയും തൂക്കി ഗൗര്യാപ്ലയും എത്തുന്നേയുള്ളൂ. പാവം! എന്നെക്കണ്ടതും ചാടല്ലേന്ന് കൈ കൊണ്ട് കാണിക്കുന്നുണ്ട്. സഞ്ചി കടയ്ക്കു മുന്നിൽ തിണ്ണയിൽ വച്ച് പല്ലില്ലാത്ത ചിരിയും നീട്ടിയ കൈയുമായി വന്ന് എന്റെ കൈകളിൽ പിടിച്ചു. ആ കൈകളിൽ തൂങ്ങിയാടി ഞാനപ്പുറത്തെത്തി.

ഞാൻ സിമന്റു തേച്ചു മിനുസപ്പെടുത്തിയ അരമതിലിൽ ഇരുന്നു. ഞാനെന്നും ആ തിണ്ണയുടെ മിനുസത്തെ തൊട്ടു നോക്കി ആസ്വദിച്ചിരുന്നു. അന്നും ഞാൻ ഒരു വിരലുകൊണ്ട് തൊട്ടു, പിന്നെ രണ്ടു വിരൽ, പിന്നെ രണ്ടു കൈകളും ഒന്നിച്ചു ചേർത്ത് തടവി, അതും പോരാഞ്ഞ് രണ്ടു കവിളുകളും ആ തറയിൽ വച്ച് തണുപ്പ് അരിച്ചു കേറുന്നതും ലോലമായ ഉരസലും അവിടെ തലവെച്ചു കണ്ട ചെരിഞ്ഞ ലോകവും കാഴ്ചകളും മനസ്സിൽ നിറച്ചു കണ്ടു.

ഇത്രയും കളി കഴിഞ്ഞിട്ടും ഗൗര്യാപ്ല പീട്യേടെ മരപ്പലക മാറ്റിക്കഴിഞ്ഞില്ലാർന്നു. പിന്നെ ഞാനവിടെ മരപ്പലകകളുടെ എണ്ണമെടുത്തു. ഓരോന്നിനു മീതെയും ഒന്ന്, രണ്ട് എന്നടയാളപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ പതിനാലെണ്ണം എണ്ണി.

"ഞാമ്പിടിയ്ക്കാം." ഇളക്കുന്ന മരപ്പലക പിടിച്ച് ചാരി വെയ്ക്കാൻ ഉത്സാഹം കാട്ടി ഞാൻ ഗൗര്യാപ്ലയുടെ പുറകെ ചെന്നു നിന്നു.

"വേണ്ടാട്ടാ, നല്ല ഭാരാണേ, മോന്റെ തലേക്കൂടെവീഴും. മോനവിടെച്ചെന്നിരുന്നോ."

ഞാനിരിക്കാൻ തിരിഞ്ഞപ്പോഴേക്കും താത്തി വന്നു. ചട്ടയും മുണ്ടുമുടുത്ത് ചെറുതായി നരച്ച മുടിയും തിളങ്ങുന്ന കണ്ണുകളും നിറഞ്ഞ ചിരിയുമുള്ള താത്തിയെ എനിക്ക് ഭയങ്കര ഇഷ്ടായിരുന്നു.

"മോനിന്ന് നേരത്തേ വന്നാ?" താത്തയുടെ ചോദ്യം.

"എന്തൊക്കെയാ വേണ്ടേ?"

ഇന്നത്തെപ്പോലെ ലിസ്റ്റൊന്നുമില്ല. മൂന്നു വിരലുമടക്കിയതോർമ്മയുണ്ട്.

ഞാനോർത്തെടുത്തു. ഓർമ്മ വന്നതും ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു.

" അരക്കിലോ ഉരുളക്കിഴങ്ങ്,
അരക്കിലോ സവാള,
പത്ത് പപ്പടം."

ഇതു പറയുമ്പോഴും ഞാനോരോ വിരലായി മടക്കി.

പിന്നെ കൈ പുറകെക്കെട്ടി ആടിയാടി നില്പായി.

താത്തി കടലാസിനെ കോണാകൃതിയിലാക്കി ഒന്നിൽ ഉരുളക്കിഴങ്ങും മറ്റൊന്നിൽ സവാളയുമെടുത്തു. വലതു വശത്തായി ഒരു വലിയ ചുറ്റായി തൂക്കിയിട്ടിരുന്ന ചാക്കു വളളിയുടെ ഒരറ്റം പിടിച്ച് പൊതിയെ ചുറ്റി മറ്റേ അറ്റം കൈകൊണ്ട് വലിച്ചു പൊട്ടിച്ച് ചാക്കുവള്ളിയുടെ രണ്ടറ്റവും കൂടി തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് തെരുത്തു കേറ്റി ചുരുട്ടിവെച്ചു. ഈ സമയമത്രയും ഞാൻ കൗതുകത്തോടെ താത്തിയെ നോക്കി നിന്നു; താത്തി എന്റെ മുഖത്തു നോക്കി വെറ്റിലക്കറയുള്ള പല്ലുകാട്ടി ചിരിച്ചുകൊണ്ടും.

താത്തി അതൊക്കെ ചെയ്യണതു കാണാൻ തന്നെ എന്തൊരു ചേലാണ്! അതൊരു കലയായിരുന്നു.

ഞാൻ മൂന്നു പൊതിയും നെഞ്ചോടടുക്കിപ്പിടിച്ച് നടന്നു തുടങ്ങി. താത്തി എന്നെ വട്ടം പിടിച്ച് റോഡിനിപ്പുറത്താക്കി വിട്ടു.

ജീവിതത്തിൽ കണ്ടുമുട്ടിയ ഈ സ്നേഹമരങ്ങളെ ഓർക്കാനും രണ്ടു വാക്ക് കുറിക്കാനും ഇടയാക്കിയ ഈ ധന്യനിമിഷങ്ങളെ ഞാൻ മനസാ നമിക്കുന്നു.

....................................................

അമ്പിളി ഗോപൻ.

Saturday, 3 February 2018

ചില ഉത്തരായൻ കാഴ്ചകളിലൂടെ..

ചില ഉത്തരായൻ കാഴ്ചകളിലൂടെ..
----------------------------------------------------

കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങളുടെയും വൈവിദ്ധ്യ പൂർണ്ണമായ ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും തനതായ രുചി മേളങ്ങളുടെയും നാടാണ് ഗുജറാത്ത്.

ഗുജറാത്തിൽ ഒരു വർഷത്തിൽ ചെറുതും വലുതുമായി ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളിൽ അതിബൃഹത്തായ ഒന്നാണ് 'പതംഗ് ഉത്സവ്'. എല്ലാ വർഷവും ജനുവരി 14 ന് ഉത്തരായൻ ആഘോഷിയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പട്ടം പറത്തൽ മഹോത്സവം സംഘടിപ്പിക്കുന്നത്. ഗുജറാത്ത് ടൂറിസത്തിന്റെ ഭാഗമായി 1989 മുതൽ ഔദ്യോഗികതലത്തിൽ കൈറ്റ് ഫെസ്റ്റിവൽ നടത്തി വരുന്നു.

ജനുവരി ആദ്യമാകുമ്പോൾ തന്നെ വഴിയോരങ്ങളിലും മാളുകളിലും മറ്റും പല നിറങ്ങളിലും വലുപ്പങ്ങളിലും ആകൃതികളിലുമായി പട്ടങ്ങൾ സ്ഥാനം പിടിക്കും. ഒപ്പം പറത്താനുള്ള ദോരി ചുറ്റിയ ഫിർക്കിയും ഉണ്ടാവും. ദോരി എന്നാൽ ചരട് എന്നർത്ഥം. ചരട് ചുറ്റിയ ദണ്ഡിനെ ഫിർക്കി എന്നു വിളിക്കുന്നു. ഫിർക്കിയും പല നിറങ്ങളിലുണ്ട്. ഉത്തരായനിനു മാസങ്ങൾക്കു മുമ്പേ തന്നെ ഗ്രാമവാസികൾ വഴിയരികിലിരുന്നു നൂലുകൾ കളർ മുക്കുന്നതും ഫിർക്കിയിൽ ഒരു കറക്കുന്ന യന്ത്രസഹായത്തോടെ ചുറ്റുന്നതും പല കളർ പേപ്പറുകളും ബട്ടർ പേപ്പർ കൊണ്ടും ഒക്കെ പട്ടമുണ്ടാക്കുന്നതും പതിവു കാഴ്ചയാണ്.

ഗുജറാത്ത് ഗവൺമെന്റ് ഔദ്യോഗികമായി നമ്മുടെ ഇവിടെ ഓണം വാരാഘോഷം ഒക്കെ സംഘടിപ്പിക്കുന്നതു പോലെ ഒരാഴ്ച നീളുന്ന അന്താരാഷ്ട്ര പതംഗ് ഉത്സവ് സംഘടിപ്പിക്കുന്നു. ഇതിന്റെ ഉദ്ഘാടനം അഹമ്മദാബാദ് സബർമതി റിവർഫ്രന്റിലാണ് നടത്തുന്നത്. പിന്നെയുള്ള ദിവസങ്ങളിൽ ഗുജറാത്തിന്റെ പല ഭാഗങ്ങളിലായി നടത്തിവരുന്നു. സൂററ്റ്, നടിയാട്, വഡോദര, രാജ്കോട്ട്, കച്ചിന്റെ പല ഭാഗങ്ങൾ തുടങ്ങി പലയിടങ്ങളിൽ കൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. സമാപനോത്സവം റിവർഫ്രന്റിൽ തന്നെയാണ് ആഘോഷിക്കുന്നത്.
കൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്കായി അനേകം പട്ടം സ്റ്റാളുകളും ഫുഡ് കോർട്ടുമൊക്കെ സജ്ജീകരിക്കുന്നു.

ഈ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിൽ മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക പട്ടങ്ങൾ, യു എസ് എ യുടെ ജയന്റ് ബാനർ കൈറ്റ്, ജപ്പാനിലെ റൊക്കാകു ഫൈറ്റിംഗ് കൈറ്റ്സ്, ഇറ്റലിയിൽ നിന്നുള്ള സ്കൾപ്റ്ററൽ കൈറ്റ്, ചൈനയുടെ ഡ്രാഗൺ കൈറ്റ് ഒക്കെ അത്യപൂർവ്വമായ സവിശേഷ കാഴ്ചയാണ്.
പ്ലാസ്റ്റിക്, ഇലകൾ, മരം, മെറ്റൽ, നൈലോൺ എന്നിങ്ങനെ പലതരം സാധന സാമഗ്രികളാൽ നിർമ്മിക്കപ്പെടുന്നവയാണവ.

ജനുവരി ആദ്യം മുതൽ തന്നെ ആകാശങ്ങളിൽ പല നിറങ്ങളിൽ പാറിക്കളിക്കുന്ന പട്ടങ്ങൾ അതിസുന്ദരമായ കാഴ്ചയാണ്.

മകരസംക്രാന്തി ദിനമായ ജനുവരി പതിനാലിനും പതിനഞ്ചിനും എല്ലാവരും ഉത്സവാഘോഷ തിമിർപ്പിലാവും. ദൂരെ ദൂരെയുള്ള ബന്ധുക്കളെല്ലാം ഒത്തുകൂടുന്ന ദിനം കൂടിയാണന്ന്. അവർ രാവിലെ മുതൽ ഫ്ലാറ്റുകളുടെ ടെറസ്സിൽ കട്ടിലും മേശയും കസേരയുമൊക്കെയിട്ട് പാട്ടും ഡാൻസും ഒക്കെയായി പട്ടം പറത്തിക്കൊണ്ടേയിരിക്കും. പട്ടം എത്ര ഉയരത്തിലെത്തുമെന്ന് മത്സരബുദ്ധിയോടെ മുന്നേറിക്കൊണ്ടിരിക്കും. ഈ ഫിർക്കി രണ്ടു തരത്തിലുണ്ട്. ഒന്ന് കൊച്ചുകുഞ്ഞുങ്ങൾക്കൊക്കെ പറത്താനുള്ള സാധാരണ നൂലുചുറ്റിയത്.. രണ്ടാമത്തേത് നൂലിൽ ഗ്ലാസ്സുപൊടിയുടേയും പശയുടേയും മിശ്രിതം തേച്ചത്.. വലിയ കുട്ടികളും പ്രായമായവരുമൊക്കെ ചില്ലുപൊടി പുരട്ടിയ നൂലാണ് തെരഞ്ഞെടുക്കുക. ഒന്നുകൊണ്ട് മറ്റൊന്നിനെ വെട്ടിവീഴ്ത്തുന്നതും മത്സരത്തിന്റെ ഭാഗമാണ്. വെട്ടിവീഴ്ത്തിയ പട്ടം പിന്നെ കുട്ടികൾ പെറുക്കാനോടുന്നതും കാണാം. കാരണം ഒരിക്കൽ പറന്നുപൊങ്ങിയ പട്ടം പറത്താനും എളുപ്പമാണ്. പട്ടം കെട്ടുന്നതും ഒരു കലയാണ്. നടുഭാഗത്തു നിന്ന് ഇരുവശങ്ങളിലേക്കും ഒരേ നീളം നോക്കി ബാലൻസ് ചെയ്ത് കെട്ടുക എന്നത് അതിൽ പ്രാവീണ്യമുള്ള ഒരാൾക്കേപറ്റൂ..

പ്രധാനപ്പെട്ട മറ്റൊരു കാര്യം ഈ ദിവസങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളാണ്. വളരെ ഷാർപ്പായ ഈ നൂലുകൾ കൊണ്ട് പറന്നുയരുന്ന അനേകം പക്ഷികൾ കഴുത്തറ്റു വീഴുന്നത് വേദനാജനകമായ കാഴ്ചയാണ്. സ്ക്കൂട്ടറിൽ പോകുന്നവർക്കും ഈ നൂലൊരു ഭീഷണിയാണ്. അതുകൊണ്ടു തന്നെ ഈയിടെയായി സ്കൂട്ടറിനു മുൻപിലായി പ്രത്യേകം ഡിസൈൻ ചെയ്ത കമ്പികൾ ഫിറ്റു ചെയ്ത് കാണാറുണ്ട്. പട്ടം പറന്നു പൊങ്ങുന്ന രസച്ചരടിൽ മുങ്ങി ടെറസ്സിൽ നിന്ന് വീണുപോവുക, റോഡരികിൽ കളിക്കുന്ന കുട്ടികൾക്ക് ആക്സിഡൻറുകൾ പറ്റുക തുടങ്ങിയവ സംഭവിക്കാറുണ്ട്.

* * *

ജനുവരി 14 ന് ഉത്തരായനും 15 ന് വാസി ഉത്തരായനും ആണ്. വാസി എന്നാൽ നക്ഷത്രമെന്നാണർത്ഥം. ആ ദിവസങ്ങളിൽ പകൽ മുഴുവൻ പട്ടം പറത്തലും സന്ധ്യയായാൽ പല വർണ്ണങ്ങൾ പൊഴിക്കുന്ന പടക്കങ്ങളുടെ പൊടിപൂരവും ആണ്. ആകാശത്തിന്റെ എല്ലാ കോണുകളും നിറഞ്ഞ് പൂത്തിരികൾ കത്തിയമരുന്നു. കൂടാതെ ഇരുട്ടു പരന്നു കിടക്കുന്ന അന്തരീക്ഷത്തിലൂടെ ഒഴുകി നടക്കുന്ന തുക്കലുകളും. വിളക്കു വച്ച പട്ടങ്ങളാണ് തുക്കലുകൾ. ആ സന്ധ്യകൾക്ക്, രാത്രികൾക്ക് എത്രമേൽ ചാരുതയാണെന്നോ!!

ഉത്തരായൻ ദിനത്തിലെ തനതായ രുചിക്കൂട്ടുകളിൽ ഒഴിച്ചുകൂടാനാവാത്തവയാണ് ഉന്തിയു, ജിലേബി എന്നിവ. കൂടാതെ ഈ ദിവസം പകൽ ടെറസ്സിൽ കളിക്കുന്നതിനിടയിൽ ഇടതടവില്ലാതെ കഴിക്കാൻ വലിയ ടിന്നുകൾ നിറയെ കപ്പലണ്ടി കൊണ്ടും എള്ളു കൊണ്ടും ചിക്കി ഉണ്ടാക്കി വച്ചിട്ടുണ്ടാകും. ഉന്തിയു ചെറിയ ഗ്രേവിയോടു കൂടി കറി പോലെയിരിക്കും. നമ്മുടെ തിരുവാതിര പുഴുക്കു പോലെ ചേന, ചേമ്പ്, കാച്ചിൽ തുടങ്ങി അനേകം പച്ചക്കറികൾ ചേരുന്ന സ്വാദിഷ്ടമായൊരു വിഭവമാണത്. പക്ഷെ രുചി നമ്മുടെ നാക്കിനൊട്ടും തന്നെ പരിചിതമായ ഒന്നല്ല. അതിന്റെ കൂടെ പൂരിയാണവർ ഉണ്ടാക്കുന്നത്. ചെറിയ പുളിരസമുള്ള ജിലേബിയും നല്ല രുചിയാണ്.

പട്ടം പറത്തലിന്റെ, ഭക്ഷണത്തിന്റെ ഒക്കെ ഇടവേളകളിൽ സ്ത്രീ പുരുഷ ഭേദമന്യേ ഏവരും ഗർബ കളിയ്ക്കുന്നതും  കാണാം.

ഈ പാട്ടുകളുടെ താളത്തിൽ, രുചിക്കൂട്ടുകളുടെ വ്യത്യസ്തമായ മേളത്തിൽ, ഒരു പട്ടം പോലും നേരെ പറത്താനായില്ലെങ്കിലും പറത്തുന്നവരുടെ ജിജ്ഞാസയിൽ നമ്മളും പറഞ്ഞു പോവും: - 'ആപ്നു അംദാവാദ്'...

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

അമ്പിളി ഗോപൻ.