Tuesday, 19 December 2017

ചില ഭ്രാന്തൻ ചിന്തുകൾ.

* ചില ഭ്രാന്തൻ ചിന്തുകൾ *
.............. ****** ..................
     ആകാശത്തിന്റെ കിഴക്കൻ ചെരിവുകളെ തൊട്ടുരുമ്മി നിൽക്കുന്ന കുന്നിൻ നെറുകയിലാണെന്റെ വീട്.വീടിനു മുൻവശത്തായി സ്വർണ്ണപ്പായ വിരിച്ച പോലെ വിളഞ്ഞു പഴുത്തു പാകമായ നെൽപ്പാടങ്ങൾ ....
    അച്ഛനും മക്കളും സ്കൂളിലും ഓഫീസിലുമൊക്കെ പോയിക്കഴിഞ്ഞാൽ, വീടൊന്നൊതുക്കിക്കഴിഞ്ഞാൽ പിന്നെ എന്റേതു മാത്രമായ നിമിഷങ്ങൾ ... എന്റെ ചിന്തകളങ്ങനെ സ്വപ്നത്തിന്റെ വെള്ളിയരഞ്ഞാണക്കിലുക്കവുമായി എത്തുകയായി.... കായൽക്കരയിൽ നിന്നും വീശിയടിക്കുന്ന കാറ്റുമേറ്റ് ബാൽക്കണിയിലെ ഊഞ്ഞാലിലിരിക്കുക പതിവാണ്.
    ഇന്നലെ വൈകുന്നേരം ഏതാണ്ട് നാലര മണിയോടെയാണ് മലയാളം വാരികയും മറിച്ച് ഒരു ഗ്രീൻ ടീ യും കുടിച്ച് ഞാനെന്റെ സ്വപ്നത്തേരിലേറിയത്....
  സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിക്കില്ലെന്ന ധീര പ്രസ്താവന നടത്തിയ പൃഥ്വിയെക്കണ്ടാണ് ഞാൻ താളുകൾ മറിക്കാൻ തുടങ്ങിയത്.എത്തിപ്പെട്ടതോ സൂര്യകാന്തി പൂക്കളിലൂടെ നമ്മുടെ മനം കവർന്ന വാൻഗോഗിൽ. അദ്ദേഹം തന്റെ പ്രാണപ്രേയസി റേച്ചലിന് പ്രണയാതുരമാർന്ന ഒരു ഘട്ടത്തിൽ കാതു മുറിച്ച് നൽകിയത്രെ. വാൻഗോഗിനോടുള്ള ആരാധന വർദ്ധിച്ചതേയുള്ളൂ.
    ഇപ്പോൾ ആകാശച്ചെരുവ് ചുമന്നു തുടങ്ങി. പുഞ്ചിത്തായച്ചിത്രം പോലെ അതി മനോഹരമീ സന്ധ്യ... എന്റെ പ്രിയതമനെയും കാത്ത് വയലേലകൾക്കു നടുവിലുള്ള റോഡിലേക്ക് കണ്ണുംനട്ടിരുന്നു ഞാൻ....
   എന്റെ സ്വപ്നച്ചിറക് മെല്ലെ പറന്നു തുടങ്ങി.സുഖശീതളിമയാർന്ന തെന്നലെന്നെ ഒരു കുഞ്ഞു മയക്കത്തിലേക്ക് കൈപിടിച്ചങ്ങു കൊണ്ടുപോയി... ഞാൻ കടലിനഭിമുഖമായിരുന്നു.ശരീരത്തെ കാർന്നുതിന്നുകൊണ്ടിരുന്ന കാൻസറിനെ രണ്ടുവട്ടം കീഴ്പെടുത്തിയവളാണ് ഞാൻ... ഇനി ഈ കലകൾ നിന്നുടലിനെ ആക്രമിക്കുകയില്ലെന്ന് ഞാൻ എന്നെ വിശ്വസിപ്പിച്ചു കൊണ്ടിരുന്നു... തലമുടി കൊഴിഞ്ഞ് ഞാനൊരു മൊട്ടച്ചിയായി മാറിയപ്പോൾ എന്റെ സ്റ്റോൾസിനെ വട്ടംചുറ്റി പുതിയൊരു ഹെയർസ്റ്റൈലുണ്ടാക്കി ഞാൻ .... അക്കാലത്ത് പുരികം പോയതായിരുന്നു ആകപ്പാടെ ഒരു വിഷമം... എന്നാലും ഐ ബ്രോ പെൻസിൽ കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് ഞാനെന്റെ എഫ് ബി വാൾ സെൽഫികളാൽ സമ്പന്നമാക്കി.. മുന്നൂറും നാനൂറും ലൈക്കുകൾ എന്നെ കോരിത്തരിപ്പിച്ചു... എന്റെ കണ്ണിലൊരു വല്ലാത്ത മയക്കം... ശെടാ ... കണ്ണുതുറക്കാനാവുന്നില്ലല്ലോ.
എനിക്കെല്ലാരേം കാണാല്ലോ.. വാവക്കുട്ടി മണ്ണപ്പം ചുട്ടു കളിക്കുന്നു.. ഉണ്ണിക്കുട്ടൻ മണ്ണും വെള്ളവും കുഴച്ചു കൊടുക്കുന്നു .. ഹോ! സ്കൂളീന്ന് വന്നിട്ട് മേലു കഴുകി വിട്ടതല്ലേ ഞാൻ... പിന്നേം മണ്ണിൽ... ചൊറി വരൂല്ലോ ... ഈ സുകുവേട്ടൻ എപ്പോ വന്നു? ഇത്രേം നേരം ഞാൻ നോക്കിയിരുന്നതല്ലേ .. ഞാനെന്നാ താഴേക്കു ചെല്ലട്ടെ... ഇഞ്ചിയിട്ട ചായ ഏട്ടന് ഇഷ്ടാണല്ലോ... സുകുവേട്ടാ... ഷർട്ട് മാറ്റി വന്നോളൂ... ഞാൻ ചായയ്ക്കു വെള്ളം വയ്ക്കാം... ഇനിയൊരു സ്വകാര്യം പറയട്ടെ - ഞാനുമൊരു ചായ പ്രാന്തിയാണേ - ആവി പറക്കുന്ന ചായ മൊത്തി മൊത്തി കുടിക്കുന്നത് എനിക്കൊരു ഹരമാണ്... പക്ഷേകണ്ണു തുറക്കാനും എണീക്കാനും പറ്റുന്നില്ലല്ലോ ...
" സുകുവേട്ടാ...ന്താന്നറീല്യ... നിക്ക് നല്ല ഉറക്കം വരുണു... കുട്ട്യോൾ ഹോം വർക്ക് ചെയ്തോന്ന് നോക്കണേ... "
ഈ കായൽക്കാറ്റ് കൊണ്ടാൽ ആർക്കാ ഉറക്കം വരാത്തെ... എന്നാലിനി സുഖമായുറങ്ങാം.

* അമ്പിളി ഗോപൻ *
...................................

ഒരു തണൽമരം...

ഒരു തണൽമരം .....

മഴവെള്ളം കുത്തിയൊലിക്കുന്നൊരാ -
സന്ധ്യയിൽ മുത്തശ്ശി
നിറദീപവുമായ്
പടിയിറങ്ങവെ
തിരിഞ്ഞൊന്നേ നോക്കിയുള്ളൂ;
തണുത്തു വിറങ്ങലിച്ചു കിടക്കുന്നു
മുത്തശ്ശൻ മിഴിയടഞ്ഞീടാതെ...

നഷ്ടപ്രതാപത്തിൻ കണക്കും ഭാഗപത്രവും വേർപെടുത്തിയോരു
ഒത്തൊരുമയുടെ ബാക്കിപത്രം...

വീണുടഞ്ഞൊരാ മൺചെരാതും
മുത്തശ്ശിതൻ നെഞ്ചകവും...
താങ്ങായ് തണലായ് കൈപിടിച്ചുയർത്തുവാൻ
പോകേണമേവരും
അതിർത്തികൾ
വേലിക്കെട്ടുകൾ
മണ്ണിന്നു മാത്രമാവട്ടെ!
മനസ്സൊഴിച്ചിടുക:
കൂട്ടുകുടുംബത്തിൻ
വേരറുത്തീടാതെ...
ഒരു പുഞ്ചിരി
കൈമാറുക
ഒത്തൊരുമയുടെ നാളുകൾക്കായ്!!

-----------------------------

* അമ്പിളി ഗോപൻ *

Thursday, 7 December 2017

വാക്ക്...

വാക്ക് -
.............
...:.........

അടുത്ത ജന്മം
എനിക്കൊരു വാക്കായി ജനിക്കണം..

കവികളുടെ
കവിതയിലലിയാൻ,
കഥാകാരന്മാരുടെ
കരവിരുതുകൾക്കു പാത്രമാവാൻ,
പാട്ടുകാരുടെ
താളലയങ്ങളിലൂയലാടാൻ,
സ്നേഹിക്കുന്നവർക്ക്
തലോടലാവാൻ
കരയുന്നവർക്ക്
ആശ്വാസമാവാൻ,
ഒടുവിൽ
ദേഷ്യപ്പെടാനും
വെറുക്കാനുംവേണം വാക്കുകൾ.

വാക്കേ, നീയാണ് ഞാൻ
നീയാണ് എന്നിലെ ശക്തി
നീയാണ് എന്നിലെ ഉണർവ്
നീ അമ്മയാകുന്നു
എന്നൂർജ്ജമാകുന്നു
ശിവതാണ്ഡവത്തിൻ
ഉടുക്കുകൊട്ടലിൻ താളത്തിൽ
പിറവി കൊണ്ട വാക്കേ
നമിക്കുന്നു...
നിന്നെ ഞാൻ നമിക്കുന്നു...

----------------------------
* അമ്പിളി ഗോപൻ *

Wednesday, 6 December 2017

ഒരു മാർച്ച് 31

ഒരു മാർച്ച് 31.
------------------------
------------------------

"ഇന്ന് സ്ക്കൂളടച്ച് കഴിഞ്ഞാൽ പിന്നെ രണ്ട് മാസം വെക്കേഷനല്ലേ? നിങ്ങളെന്തൊക്കെയാ ചെയ്യാൻ പോണേ?"

സുലോചന ടീച്ചറിന്റെ ചോദ്യം.

എന്റെ പുറകെയിരുന്ന് നഹന എന്നെത്തോണ്ടി വിളിച്ച് പറഞ്ഞു. "ഞാൻ നിന്റോട കളിക്കാൻ വരും ട്ടാ."

ഞാൻ തലയാട്ടി.

"എന്താവടെ ഒരു വർത്താനം? അമ്പിളി എന്താ ചെയ്യാ വെക്കേഷന്?" ചോദ്യം എന്നോടായി. ഞാൻ എണീറ്റു നിന്നു.

"ഞാൻ നാലൂസം അമ്മാത്ത് പോവും. ബാക്കി ദൂസങ്ങളിൽ കളിക്കാൻ ആള്വോള് വര്ണ്ട് ബോംബേന്ന്." ഞാൻ ഗമയിൽ പറഞ്ഞു.

ടീച്ചർ ചിരിച്ചോണ്ട്, ഇരിക്കാൻ കൈ കൊണ്ട് ആക്ഷൻ കാണിച്ചു. ഒപ്പം ഇനി മൂന്നിലേക്കാണ് പൂവാൻ പോണേന്നും കൊറച്ച് നേരം അക്ഷരങ്ങളൊക്കെ മറക്കാതെ എഴുതി പഠിക്കാനും പറഞ്ഞു.

എനിക്ക് കളിക്കാൻ ബോംബേന്ന് ആൾക്കാര് വരുംന്ന് പറഞ്ഞത് നഹനയ്ക്ക് പിടിച്ചില്ല. അവളെന്റെ നേരെ ചൂണ്ടുവിരൽ ഉയർത്തി മടക്കി കട്ടീസിട്ടു. ആ കട്ടീസിനെ ഉറപ്പിയ്ക്കാൻ ഞാൻ ഇടത്തേ ചൂണ്ടുവിരൽ മലർത്തി വലത്തേ ചൂണ്ടുവിരൽ കമിഴ്ത്തി കുരിശുണ്ടാക്കിക്കാണിച്ചു.

അപ്പോഴേയ്ക്കും ജനഗണമന തുടങ്ങി. എണീറ്റു നിൽക്കുന്നതിനിടയിൽ ബാഗ് തോളിലിട്ടു. വാട്ടർബോട്ടിലിലെ ബാക്കി വെള്ളം കുടിച്ചു. എന്നും എന്റെ ബാക്കി വെള്ളം കുടിക്കാറുള്ള നഹന ഇന്ന് നോക്കുന്നേയില്ല. ജനഗണമന കഴിഞ്ഞതും നാലു കാലിലെന്ന പോലെ ക്ലാസ്സിന് പുറത്തെത്തി.

അന്നെന്റെ കയ്യിൽ മിട്ടായി മേടിക്കാൻ അമ്മ പത്ത് പൈസ തന്നിരുന്നു. ശർക്കര മിഠായി പത്തെണ്ണം കിട്ടും. അതിൽ രണ്ടെണ്ണം നഹനയ്ക്കുള്ളതാണ്. അതെങ്ങനെയാ ഇനി കൊടുക്ക്വാ? എന്നോട് പെണങ്ങീല്ലേ?

ഞാൻ ചന്ദ്രന്റെ പീടികേൽ കേറി. അപ്പോ അവ്ടുത്തെ ആന്റി എന്നോട് ചോയ്ച്ചു. "ഇന്നും ശർക്കര മിട്ടായിയാ വേണ്ടേ? അല്ലെങ്ങി ഢക്കാൻ തരട്ടേ?"

ശർക്കര മിഠായിയും പച്ചക്കടലാസിൽ ചതുരത്തിലുള്ള ഢക്കാനും എനിക്ക് വല്ല്യ ഇഷ്ടാ. എന്നാലും പുതിയതേതെങ്കിലും ഉണ്ടോന്നറിയാൻ ഞാൻ കുപ്പികളിലേക്കെത്തി നോക്കി. അപ്പോൾ ഒരു കുപ്പിയിൽ വെളുത്ത നിറത്തിൽ ഒരു പുതിയ ഐറ്റം.

" ഇന്ന് ഈ പുത്യേ സാധനം മതി. നെറച്ച് കിട്ട്വോ?"

"ങും. നെറയെ കിട്ടും. പക്ഷേ മധിരല്ല്യാത്തതാട്ടാ."

ങേ, മധിരല്യാത്തമിട്ടായീം ണ്ടാ? എന്ന് സംശയം തോന്നീങ്കിലും ചോദിച്ചില്യ. സാധാരണ ഇങ്ങനെ കൊനഷ്ട് സംശ്യക്കെ നഹനയാ ചോദിക്കാറ്. ശ്ശൊ, കഷ്ടായി. പെണങ്ങണ്ടാർന്നു. ചെറുവെരല് പൊക്കിക്കാണിച്ച് മിണ്ടി പറഞ്ഞാ മത്യാർന്നു. ഇനീപ്പോ ന്താ ചെയ്യാ?

ഞാൻ മിഠായിപ്പൊതീം വാങ്ങി പതിയെ നടന്ന് വീട്ടിലെത്തി.

ഉമ്മറത്ത് അമ്മ ചൂലുഴിഞ്ഞോണ്ട് ഇരിക്ക്യാർന്നു. പുസ്തകസഞ്ചിയും വാട്ടർബോട്ടിലും പടിയിൽ വച്ച് പുതിയ മിഠായിപ്പൊതിയും പൊത്തിപ്പിടിച്ച് അമ്മയുടെ മുമ്പിലിരിപ്പായി.

"ഈർക്കിലി കണ്ണീക്കൊള്ളും ട്ടാ. നീയങ്ങ്ട് നീങ്ങിയിരുന്നെ.''

"ഞാനീ പുത്യ മിട്ടായി കാണിച്ചട്ട് പൊക്കോളാം."

ഞാൻ പൊതി തുറന്നതും അമ്മ ചിരിച്ചു തുടങ്ങി.ഞാൻ അന്തം വിട്ട് അമ്മയെ നോക്കി.

"ഇതാണോ പുത്യേ മിട്ടായി.ഇത് പൊട്ടുകടലയാടീ. അച്ഛന് ഇത് ചേർത്ത് ചട്ണി അരയ്ക്കണത് ഭയങ്കര ഇഷ്ടാ."

അമ്മയുടെ മറുപടിയിൽ ആദ്യം അത് മിഠായി ഇനത്തിൽപ്പെട്ടതല്ല എന്നറിഞ്ഞോണ്ട് സങ്കടം വന്നെങ്കിലും ഞാൻ ആ പൊതി അങ്ങനെ തന്നെ പിറ്റേന്ന് രാവിലെ ചട്ണിയ്ക്കരയ്ക്കാൻ കൊടുത്തു.

"ഇത്രയൊന്നും ചട്ണിയ്ക്കു വേണ്ട. എന്തായാലും നീ കൊണ്ടന്നതല്ലേ.. കഴിച്ചു നോക്ക്."

"മധിരല്യാച്ചാലും കൊള്ളാല്ലേ അമ്മേ?"

പിറ്റേന്ന് രാവിലെ ചൂടു ദോശയും പൊട്ടുകടല ചേർത്തരച്ച ചട്ണിയും ഞാനും അച്ഛനും അമ്മയും ഒന്നിച്ചിരുന്ന് സ്വദോടെ കഴിച്ചു.

ഓർക്കന്തോറും മാധുര്യമുള്ളതായി മാറുന്ന കുഞ്ഞോർമ്മകളെ, നിങ്ങളെ ഞാൻ എത്രമേൽ സ്നേഹിക്കുന്നു!!

അമ്പിളി ഗോപൻ.

Saturday, 2 December 2017

കൊപ്രാക്കളത്തിലെ കുട്ടി.
------------------------------------------

"ശാന്താന്റിയേ.. ഞാൻ സഹായിക്കാം. ആ മൊനേള്ള പിശാങ്കത്തി ങ്ങട് തായോ."

ശാന്താന്റി തലങ്ങും വിലങ്ങും കെടന്ന് ചിരിച്ചോണ്ട് ചോദിച്ചു. " അതേത് പിശാശ് പിടിച്ച കത്തി?"

"ന്റെ അമ്മ അങ്ങന്യാ പറയാറ്.'' എന്നൊക്കെ പറഞ്ഞെങ്കിലും ആന്റിയും അങ്കിളും ചിരി നിർത്തണില്ല.

എനിക്ക് ദേഷ്യോം സങ്കടോം വന്നു. കുറെ നാളായി അങ്കിളിന്റെ മടിക്കുത്തിൽ തിരുകി വയ്ക്കാറുള്ള കത്തിയെ ഒന്ന് തൊടാനൊരു മോഹം.

"അയ്യോ! അത് തരൂല്ല, മോന്റെ കൈ മുറിയും. മോൻ വന്ന് ന്റെ അടുത്തിരിക്ക്. ദാ, ഈ കോലോണ്ട് നമുക്ക് നാള്യേരം ചെരട്ടേന്നെളക്കാം."

അങ്കിൾ എന്നെപ്പിടിച്ച് അടുത്തിരുത്തി. എന്റെ കൈകൾ മലർത്തി പിടിപ്പിച്ച് ഉണങ്ങിയ തേങ്ങാമുറി കൈയ്യിൽ വച്ചു തന്നു. പിന്നെ മുകൾഭാഗം ത്രികോണാകൃതിയിൽ ഇരിക്കുന്ന വടി എന്റെ ചമ്രം പടിഞ്ഞ കാലുകൾക്കിടയിലേക്ക് വച്ച് മുറുക്കെ പിടിച്ചോളാൻ പറഞ്ഞു. എന്നിട്ട് വടിയുടെ കൂർത്ത ഭാഗം ചിരട്ടയ്ക്കും തേങ്ങയ്ക്കുമിടയിലേക്ക് കയറ്റി വടി വലത്തോട്ടും ചിരട്ട ഇടത്തോട്ടും ചുറ്റിക്കാൻ പറഞ്ഞു തന്നു. അങ്കിളിന്റെ വടിയിൽ കാണിച്ചും തന്നു. പക്ഷേ ഞാന്നോക്കീട്ട് ഞാൻ ഇരുന്നിടത്തിരുന്ന് കറങ്ങിയതല്ലാതെ നമ്മടെ കൊപ്ര അനങ്ങീല്യ.

എന്റെ കൈയാണെങ്കിൽ വേദനിച്ചും തുടങ്ങി. കൈ മലർത്തി നോക്കി. ചോര പൊന്തി ചുവന്നു തുടുത്തിരുന്നു. ചിരട്ടയിൽ തൊടുമ്പോ തന്നെ കൈ വേദനിക്കാൻ തുടങ്ങി.

എന്നെക്കൊണ്ട് പറ്റണില്യാന്ന് അങ്കിളിന് മനസ്സിലായി. അങ്കിളൊരു കറുത്ത തുണി കെട്ടിയിട്ട വടി തന്നിട്ട് പറഞ്ഞു. "മോൻ പോയി കാക്കേ ഓടിച്ചാ മതീട്ടാ.."

അത് ഭയങ്കര എളുപ്പാന്നാർന്നു എന്റെ വിചാരം. ഞാൻ കാക്കേ ഓടിക്കാൻ ചെന്നത് കാക്കക്കൂട്ടം അറിഞ്ഞൂന്ന് തോന്നണുണ്ട്.
ഉമ്മറപ്പടി മുതൽ കൊപ്രാക്കളം വരെ നിരത്തിയിട്ടിരിക്കുന്ന തേങ്ങാമുറികൾക്ക് മീതേ വലയിട്ടിട്ടുണ്ടെങ്കിലും അതിനിടയിലൂടെ കാക്കകൾ തേങ്ങാമുറികളെ കൊത്തിവലിക്കുന്നുണ്ട്. കുറെ നേരം കാക്കയെ ഓടിച്ചു തളർന്നു. അവസാനം പടിയിലിരുന്ന് വടി നീട്ടി 'ശൂ, ശൂ' എന്നൊക്കെ പറഞ്ഞ് കാക്കേ ഓടിക്കാൻ തുടങ്ങി.

പതിയെ എന്റെ ശ്രദ്ധ കളിയിലേക്ക് തിരിഞ്ഞു. ഞാൻ തൊങ്കി തൊങ്കി നിരത്തിയിട്ട തേങ്ങാ മുറികൾക്കു ചുറ്റും നടന്നു. പിന്നെ എത്ര തേങ്ങാമുറികൾ ഉണ്ടെന്ന് എണ്ണാനുള്ള ശ്രമമായി. കൈ വിരലുകളിലും കാൽവിരലുകളിലും പത്ത് വട്ടം എണ്ണം പിടിച്ചിട്ടും തീരുന്നില്ല.

"മോനേ, എണ്ണിത്തീർന്നാ?"ശാന്താന്റി ഒരു മൊന്ത നിറയെ പച്ച മാങ്ങ ജ്യൂസ് അടിച്ചോണ്ടു വന്നതാണ്. വേഗം കളിയും എണ്ണമെടുക്കലും നിർത്തി ജ്യൂസ് കുടിച്ചു. വായിലൂടെ, അന്നനാളത്തിലൂടെ അരിച്ചിറങ്ങുന്ന തണുപ്പിനെ ആസ്വദിച്ചു.

അപ്പോഴേക്കും അവ്ടെ രണ്ട് വിരുന്നുകാർ വന്നു.

" ചേച്ച്യേ, ഇതേതാ ഈ കുട്ടി?"

" ഇത് മഠത്തിലെ കുട്ടി. പുരുഷു സ്വാമീടെ മോള്''.

വന്നവരിലൊരാൾ എന്റെ താടിക്കു പിടിച്ചു മുഖം പൊക്കി ചോദിച്ചു.

"എന്താ മോൾടെ പേര്?"

എന്റെ പേരെനിക്ക് അശേഷം ഇഷ്ടല്യാതിരുന്നോണ്ട് ഞാൻ ഒന്നും പറയാതെ പുഴുപ്പല്ലു കാണിച്ചു ചിരിക്കുക മാത്രം ചെയ്തു.

പക്ഷേ അവർ വിട്ടില്ല.

"മോൾക്ക് പേരറിഞ്ഞൂടെ ? പേരയ്ക്കാന്നു വിളിക്കട്ടെ? എത്രാം ക്ലാസ്സിലാ പഠിക്കണെ?"

എന്നെ പേരയ്ക്കാന്നു വിളിച്ചാലോന്ന് പേടിച്ചോണ്ടു മാത്രം ഞാൻ പേര് പറഞ്ഞു.

"അമ്പിളീന്നാ പേര്. രണ്ടാം ക്ലാസ്സിലാ പഠിക്കണേ."

അപ്പോഴേക്കും അമ്മ വിളിക്കാൻ വന്നു.

"ദെന്താദ് ?എത്ര നേരായി പോന്നട്ട്? വരണില്യേ അങ്ങട്."

"ഞാൻ കൊപ്ര പറത്തുമ്മ കേറ്റീട്ടേ വരണുളളൂ." അമ്മ പിടിക്കാതിരിക്കാൻ കൊപ്ര ഉണക്കാൻ വിരിച്ചിടുന്ന പറത്തിന്റെ മുകളിലേക്ക് കോണിയിലൂടെ ചാടിക്കയറി ഇരിപ്പായി. സന്ധ്യ നേരത്ത് പറത്തിന്റെ താഴെ വിറകും ചിരട്ടയും ഒക്കെ ഇട്ട് കത്തിയ്ക്കും. മുകളിൽ അഴിയഴിയായി മരത്തിന്റെ നീണ്ട ചെറു പലകകൾ അടിച്ചുറപ്പിച്ച പറത്തിന്റെ മീതേ തേങ്ങാമുറികൾ നിരത്തി വയ്ക്കും. ആ നിരത്തുന്ന ജോലിക്കാണ് ഞാൻ മുകളിൽ കയറി സ്ഥാനം പിടിച്ചിരിക്കുന്നത്.

വരുന്ന ലക്ഷണമില്ലെന്നു കണ്ടപ്പോൾ അമ്മ തിരിച്ചു പോയി.

ആന്റിയും അങ്കിളും കൂടെ വലിയ കൊട്ടയിൽ കൊപ്രയെ കൊണ്ടുവന്ന് ഒരു മൂലയിലിട്ടു. പകുതി ആയപ്പോൾ അങ്കിളും മുകളിൽ കയറി. ഞങ്ങൾ രണ്ടാളും കൂടെ കുറെ നിരത്തി. മുക്കാൽ ഭാഗം നിരത്തിക്കഴിഞ്ഞപ്പോൾ പിന്നെ എനിക്കിരിക്കാൻ സ്ഥലമില്ലായിരുന്നു. എന്നെ ശാന്താന്റി എടുത്തു താഴെയിറക്കി. ബാക്കി കൂടെ നിരത്തി താഴെ തീയിട്ട് പുക നിറയുംവരെ ഞാൻ ചുറ്റിപ്പറ്റി നിന്നു.
പിന്നെ എന്നത്തെയും പോലെ അന്നും ശാന്താന്റി വേലിയ്ക്കൽ വരെ എന്നെ കൊണ്ടാക്കി. എന്തോ മഹാകാര്യങ്ങൾ ചെയ്തു തീർത്ത നിർവൃതിയോടെ വെളിച്ചെണ്ണ മണക്കുന്ന ഞാൻ കുളിച്ച് സന്ധ്യാനാമവും ചൊല്ലി.

നശ്വരമായ ജീവിതത്തിലെ അനശ്വരമായ ഓർമ്മകളാണ് ഏറ്റവും വിലപ്പെട്ടതെന്ന തിരിച്ചറിവോടെ ഈ സ്നേഹബന്ധവും ഞാൻ എന്റെ നെഞ്ചോട് ചേർത്തു വയ്ക്കുന്നു. ശാന്താന്റിക്കും ശ്രീനിവാസൻ അങ്കിളിലും ഈ മോന്റെ ഒരായിരം ഉമ്മ...!!

അമ്പിളി ഗോപൻ.