Wednesday, 14 March 2018

കച്ച് - ഭുജ്: പാർട്ട്-1

കച്ച് - ഭുജ് : ലഘ്പതിന്റെ കോട്ട സൗന്ദര്യത്തിലൂടെ നടന്ന് ഇന്ത്യനതിർത്തിയിലേക്ക്..
=======================

കാശ്മീരിൽ മഞ്ഞു പെയ്യും കാലത്താണ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുക. വർഷത്തിൽ ഏഴെട്ട് മാസത്തോളം നാല്പതിനും അമ്പതിനുമിടയ്ക്ക് ചൂടു വരുന്ന ഉത്തരേന്ത്യൻ പടിഞ്ഞാറൻ നഗരങ്ങളിലെ സുവർണ്ണകാലമാണ് വിന്റർ കാലഘട്ടം.ആ സമയത്ത് യാത്രാകുതുകികൾക്ക് യാത്ര മോഹവും പ്രണയവുമൊക്കെ ആയിത്തീരുന്നു.

ഒരു വിന്റർ കാലത്തിന്റെ തുടക്കത്തിൽ അഹമ്മദാബാദിൽ നിന്ന് 'ഗ്രേറ്റ് റൺ ഓഫ് കച്ചി'ന്റെ കവാടം എന്നറിയപ്പെടുന്ന ഭുജ്പട്ടണത്തിലേക്ക് യാത്ര പുറപ്പെട്ടു. മൂന്നു ദിവസത്തെ യാത്രയാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

അഹമ്മദാബാദിൽ നിന്ന് ഭുജിലേക്ക് റോഡുമാർഗ്ഗം ഏകദേശം 340 കിലോമീറ്റർ ദൂരമുണ്ട്. രാത്രി പതിനൊന്ന് മണിയോടെ പട്ടേൽ ട്രാവൽസിന്റെ സ്ലീപ്പർ ബസിലായിരുന്നു യാത്ര. ആറു മണിക്കൂറോളം സമയം കൊണ്ട് ബസ് ഭുജിലെത്തി. ജൂബിലി സർക്കിളിൽ ഇറങ്ങി.

വെളുപ്പിനെ അഞ്ച് - അഞ്ചേ കാൽ സമയം. സ്വെറ്ററും ഷാളും മഫ്ളറും കൈയുറകളും ഒക്കെ ധരിച്ചിട്ടും കിടുകിടാ വിറപ്പിക്കുന്ന കൊടുംതണുപ്പ്. ഇത്തവണ യാത്രയിൽ കൂട്ടുകൂടാൻ നാട്ടിൽ നിന്ന് അച്ഛനുമമ്മയും ഞങ്ങളോടൊപ്പമുണ്ട്. അച്ഛനാണെങ്കിൽ മുണ്ടൊക്കെ മടക്കിക്കുത്തി കൂളായി നിൽക്കുന്നു. 'അച്ഛാ തണുക്കുന്നില്ലേ?' എന്ന് കൈകളൊക്കെ കൂട്ടിത്തിരുമ്മി ഞാൻ വിറച്ചു വിറച്ച് പല്ലുകൾ കൂട്ടിയിടിക്കുന്നതിനിടയിലൂടെ വന്ന ശബ്ദത്തിൽ ചോദിച്ചു.' ഇതാസ്വദിക്കാനല്ലേ നമ്മൾ വന്നേക്കണേ. നമ്മടെ നാട്ടിലിരുന്നാ ഈ അനുഭവം കിട്ടില്ല്യല്ലോ.' അച്ഛന്റെ ഉത്തരം ആ തണുപ്പിനെ ഒരാസ്വാദനതലത്തിലേക്കുയർത്തി.

ബസിറങ്ങിയ പോയന്റിൽ നിന്നും ഒരു റിക്ഷയിൽ ഞങ്ങൾ 'സ്വാമി നാരായൺ വിശ്രാന്തി ഭവനി'ലെത്തി.

വൈഷ്ണവ ഹിന്ദുമതത്തിലെ ഒരു വിഭാഗമാണ് സ്വാമി നാരായണ സമ്പ്രദായക്കാർ. ഗുജറാത്തിലാണ് ഇക്കൂട്ടരുടെ ഉത്ഭവം. സഹജാനന്ദ് സ്വാമിയെന്ന സ്വാമി നാരായണ യോഗിയെത്തന്നെയാണ് ഇവർ പൂജിക്കുന്നത്. ദൈവത്തിന്റെ പ്രതിരൂപമായി ഇദ്ദേഹത്തിന്റെ പിൻതുടർച്ചക്കാർ ഇദ്ദേഹത്തെ കാണുന്നു. ഈ ട്രസ്റ്റിന്റെ കീഴിലുള്ള വിശ്രമമന്ദിരത്തിലാണ് ഞങ്ങൾ ഭുജിൽ താമസിച്ചത്. അവിടെത്തന്നെ ഭക്ഷണ സൗകര്യവുമുണ്ട്. അവിടെ താമസിക്കുന്നവർക്ക് ഭക്ഷണം സൗജന്യമാണ്.

ഇനി ഭുജിനെക്കുറിച്ചുകൂടി രണ്ടു വാക്ക് പറഞ്ഞിട്ട് കാഴ്ചയുടെ നിറവസന്തങ്ങളിലേക്ക് കടക്കാം.

ഇന്ത്യയുടെ അമ്പത്തിരണ്ടാമത് റിപ്പബ്ലിക് ദിനത്തിന്റെ അന്ന്, 2001 ജനുവരി 26 ന് ആണ് ഗുജറാത്തിനെ മുഴുവൻ പിടിച്ചുലച്ച ഭൂകമ്പം ഉണ്ടായത്. 7.7 മാഗ്നിറ്റ്യൂഡിൽ കേവലം രണ്ടു മിനിറ്റ് മാത്രം നീണ്ടു നിന്ന ഭൂകമ്പത്തിന്റെ കേന്ദ്രസ്ഥാനം കച്ച് ജില്ലയിലെ ബചാവു താലൂക്കിലെ ചബോരി എന്ന ഗ്രാമത്തിലായിരുന്നു. ഭുജിൽ നിന്ന് ഇവിടേക്ക് 20 കിലോമീറ്റർ ദൂരമുണ്ട്. പ്രഭവസ്ഥാനത്തിനു ചുറ്റും 25 കിലോമീറ്റർ ചുറ്റളവിൽ എല്ലാം നശിപ്പിയ്ക്കപ്പെട്ടു. ഭൂമിയുടെ സംഹാരതാണ്ഡവത്തിൽ പതിമൂവായിരത്തോളം ജീവനുകൾ നഷ്ടമായി. ഗുജറാത്തിലാകമാനം വലിയ കെട്ടിടങ്ങളെല്ലാം തന്നെ തകർന്നു തരിപ്പണമായി. സ്വന്തമായുണ്ടായിരുന്ന കിടപ്പാടങ്ങൾ തീപ്പെട്ടിക്കൂടടുക്കിയ കൊട്ടാരം തകർന്നു വീഴുന്നതു പോലെ നോക്കി നിൽക്കാനേ പലർക്കും കഴിഞ്ഞുള്ളൂ. ഇന്ന് ഇത്ര വർഷങ്ങൾക്കു ശേഷം നാം ആ ഭൂമിയിലെത്തുമ്പോൾ ഭുജ് നിവാസികൾ ഒരു പുനർജന്മത്തിന്റെ പാതയിലാണെന്നു പറയാം.

രാവിലെ വിശ്രമമന്ദിരത്തിലെ ഡൈനിംഗ് ഹാളിൽ നിന്ന് ഇഡ്ഡലി, സാമ്പാർ, ചട്നി എന്നിവ കഴിച്ചു.ചെറുമധുരമുള്ള, ജീരകത്തിന്റെ രുചിയുള്ള സാമ്പാർ നന്നായിരുന്നു. സ്വാദിഷ്ടമായ ഭക്ഷണത്തിനു ശേഷം ഞങ്ങൾ ആ ദിവസത്തെ കാഴ്ചകളിലേക്കിറങ്ങി.

നമ്മുടെ പ്ലാനനുസരിച്ച് മൂന്നു ദിവസം ഉണ്ട്. കാണാവുന്നത്ര കാഴ്ചകൾ കാണണം. കച്ച് ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായാണ് ഭുജ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഭുജിൽ താമസിച്ച് ഓരോ ഡയറക്ഷനിലേക്കുമുള്ള സ്ഥലങ്ങൾ കാണുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. അവിടെ ചെന്നതിനു ശേഷം മൂന്നു ദിവസത്തേക്കും ഒരു വണ്ടി ഏല്പിച്ചു.

അങ്ങനെ ആദ്യദിവസം ഭുജിൽ നിന്നും വടക്കുപടിഞ്ഞാറൻ ദിശയിലേക്കു യാത്ര തിരിച്ചു. ആദ്യകാഴ്ച മാതാനോമഠ് എന്ന ദേവീക്ഷേത്രസന്നിധിയിൽ നിന്നും തുടങ്ങാമെന്ന് ഡ്രൈവർ നിർദ്ദേശിച്ചു. ഭുജിൽ നിന്നും 80 കിലോമീറ്റർ ദൂരെയാണീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അങ്ങോട്ട് പോകുന്ന വഴിക്ക് സാഗർ ഭായ് (ഡ്രൈവർ) ഭൂകമ്പത്തിനു ശേഷം ഉണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് പറയുകയുണ്ടായി. ഒരു 25 കിലോമീറ്റർ പിന്നിട്ടപ്പോൾ തകർന്നു കിടക്കുന്ന ഒരു മഹാക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ കാർ നിർത്തി. ഒമ്പതാം നൂറ്റാണ്ടിൽ കരിങ്കല്ലിൽ പണികഴിപ്പിച്ച പൂർണേശ്വർ ശിവക്ഷേത്രം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നിട്ടുണ്ട്. ചുറ്റുപാടും ചതുരാകൃതിയിൽ കരിങ്കല്ലുകൾ ചിതറിക്കിടക്കുന്നു. അതുകൊണ്ടുതന്നെ കോമ്പൗണ്ടിൽ നടക്കാനുള്ള അനുവാദമില്ല.  ഇന്നത്തെ കാഴ്ചയിൽത്തന്നെ പ്രൗഢഗംഭീരമാണീ സ്ഥലം.  പ്രതിഷ്ഠ ഇരിക്കുന്ന ഭാഗത്തിന് ഒന്നും സംഭവിച്ചിട്ടില്ല. നഷ്ടക്കണക്കുകളുടെ ഒരു നേർക്കാഴ്ച അവിടെ കാണാൻ കഴിഞ്ഞു.

അവിടെ നിന്നും കാർ പുറപ്പെട്ടതും കുറച്ചകലെയായി നീണ്ട മലനിരകൾ കണ്ടു. ഡ്രൈവറാണ് ഈ മലനിരകളെക്കുറിച്ച് പറഞ്ഞു തന്നത്.അതാണത്രെ കാക്കട്ഭീത് യക്ഷമല.
താഴ്വാരത്തു നിന്നും 72 പടികൾ കയറിച്ചെല്ലുമ്പോൾ 72 (യക്ഷന്മാരുടെ) യോദ്ധാക്കളുടെ രൂപം കൊത്തി വച്ചിട്ടുള്ള ഒരു ക്ഷേത്രമുണ്ടത്രെ. ഗ്രീസിൽ നിന്നും ഇറാനിൽ നിന്നും ഉള്ള യാത്രികരുമായി വന്ന ഒരു കപ്പൽ ഗുജറാത്ത് കടൽത്തീരത്ത് കൊടുങ്കാറ്റിൽപ്പെട്ട് തകർന്നടിഞ്ഞുവെന്നും അതിൽ മരിച്ചവരെ നാട്ടുകാർ വീരമൃത്യു വരിച്ച യോദ്ധാക്കളായി കണ്ട് നാടോടി ദൈവങ്ങളായി ഈ മലമുകളിൽ പ്രതിഷ്ഠിച്ചുവെന്നും കഥ. എന്തായാലും സമയക്കുറവു മൂലം ഞങ്ങൾ ദൂരെ നിന്നും ആ ക്ഷേത്രം കണ്ടു തൃപ്തിപ്പെട്ടു.

പൂർണേശ്വർ ദർശനത്തിനു ശേഷം യക്ഷ കഥകളും കേട്ട് ഞങ്ങളെത്തിയത് 'മാതാനോമഠ് ' എന്ന ദേവീക്ഷേത്രസന്നിധിയിലാണ്. അവിടെ എത്തുന്നതിന് ഏകദേശം 24 കിലോമീറ്റർ മുൻപായി 'ഉത്തരായനരേഖ' (Tropic of Cancer) കടന്നു പോകുന്ന സ്ഥലമെത്തി. പണ്ട് ജ്യോഗ്രഫി പാഠപുസ്തകത്തിൽ ഉത്തരായനരേഖ കടന്നു പോകുന്ന ഏഴ് ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നായി നാം ഗുജറാത്തിനെ പഠിച്ചിട്ടുണ്ടല്ലോ. കച്ച് ജില്ലയിലെ ലഘ്പത് താലൂക്കിലെ ഒരു ഗ്രാമമാണ് മാതാനോ മഠ്.ഈ ഗ്രാമം മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ഈ ഗ്രാമത്തിന്റെ അധിദേവതയാണ് ആശാപുരാ
ദേവി.ആശാപുരാ മാതാക്ഷേത്രം എന്നും ഇവിടം അറിയപ്പെടുന്നു.പതിനാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതത്രേ ഈ ക്ഷേത്രം.1819 ലെ ഭൂകമ്പത്തിൽ തകർന്ന ക്ഷേത്രം സുന്ദർജി ശിവജി, മെഹ്ത വല്ലഭാജി എന്നീ രണ്ട് ബ്രഹ്മക്ഷത്രിയന്മാരാൽ (ഒരേ പോലെ ബ്രാഹ്മണനായും ക്ഷത്രിയനായും ജീവിക്കുന്ന വിഭാഗം) പുനർനിർമ്മിയ്ക്കപ്പെട്ടു. പിന്നീട് 2001 ലെ ഭൂമിയുടെ താണ്ഡവനൃത്തത്തിലും ഈ ക്ഷേത്രം തരിപ്പണമായി. ഇന്ന് പഴയ പ്രൗഢി വീണ്ടെടുത്ത് ക്ഷേത്രം കച്ച് ജില്ലയുടെ തന്നെ ദേവതാബ്രഹ്മസ്ഥാനമായി, അഭിമാനസ്തംഭമായി നിലകൊള്ളുന്നു. ആറടി ഉയരവും വീതിയുമുള്ള മാതാജീ വിഗ്രഹം, കല്ലിൽ ചുവന്ന പെയിന്റടിച്ച് അലങ്കാരപ്പണികളോടുകൂടിയുള്ളതാണ്. ദർശനം കഴിഞ്ഞ് അവിടെ നിന്നിറങ്ങിയപ്പോഴേക്കും സമയം പന്ത്രണ്ടിനോടടുത്തു.

അടുത്ത കാഴ്ച ലഘ്പത് ഫോർട്ട് ആണ്. ജനവാസം വളരെ കുറഞ്ഞ പ്രദേശമാണ് ഈ ഫോർട്ടും പരിസരവും എന്ന് ഡ്രൈവർ പറഞ്ഞുതന്നു. പോവുന്ന വഴിക്ക് കമലേശ്വർ മഹാദേവ് എന്നൊരു ക്ഷേത്രത്തിലും സിറിൽഭായ് ഞങ്ങളെ കൊണ്ടുപോയി. മഹാദേവന്റെ മൂലസ്ഥാനമായ ഒരു വലിയ ആലിൻ ചുവടും കുറച്ചുമാറി സ്ഥിതി ചെയ്തിരുന്നു. വെയിൽ വന്നപ്പോഴേക്കും തണുപ്പു മാറിയിരുന്നു. നല്ല സുഖകരമായ കാലാവസ്ഥ.

പിന്നീട് ലഘ്പതിലേക്ക് പോകുന്ന വഴി ഒരു ഹോട്ടലിൽ കയറി ഉച്ചഭക്ഷണം കഴിച്ചു. തന്തൂരി റൊട്ടി, ചോറ്, ദാൽ, പനീർ സബ്ജി, ഛന മസാല, കഡായ് മഷ്റൂം, റെയ്ത്ത, മിക്സഡ് വെജ് സബ്ജി ഒക്കെയായി കുശാലായി. പിന്നീട് രണ്ടു മണിയോടെ ലഘ്പത് ഫോർട്ടിലെത്തി.

തീരെ ജനവാസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന തരിശുഭൂമിയിലൂടെ കുറെ ദൂരം ചെന്നപ്പോൾ പേടിപ്പെടുത്തുന്ന നിശ്ശബ്ദതയുടെ നടുവിലായി ബ്രൗൺ ശിലകളാൽ നിർമ്മിതമായ കോട്ടമതിൽ ദൃശ്യമായി. അത്യപൂർവ്വമായ കാഴ്ചകളാണ് പിന്നെ ഞങ്ങളെ വരവേൽക്കാനുണ്ടായിരുന്നത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ റാവു ലഘ്പത്ജി നിർമ്മിച്ച് 1801 ൽ ഫത്തേ മുഹമ്മദ് ഈ കോട്ടമതിലിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു. ലഘ്പത് നഗരത്തെ ചുറ്റി ഏഴ് കിലോമീറ്റർ ദൂരത്തിൽ കോട്ടമതിൽ വിസ്തൃതി പ്രാപിച്ച് സ്ഥിതി ചെയ്യുന്നു.

കോട്ടയുടെ വശത്തൂടെ മുകളിൽ കയറാനുള്ള പടിക്കെട്ടുകളുണ്ട്. മുകളിലെത്തിയപ്പോൾ പടുകൂറ്റൻ തോക്കുകളൊക്കെപ്പിടിച്ച് ബി എസ് എഫ് ജവാന്മാർ മാതൃരാജ്യത്തിന്റെ കാവലാളുകളായി നില്ക്കുന്നുണ്ട്.
ഇന്ത്യയും പാകിസ്ഥാനുമായി തുറന്ന അതിർത്തി പങ്കിടുന്നതു കൊണ്ടു തന്നെ അതീവ ജാഗ്രതാ പ്രദേശമാണിവിടം.

ഇന്ത്യയുടെ ഗ്രേറ്റ് റാൻ ഓഫ് കച്ച് പ്രദേശവും കോറി ഉൾക്കടലും പാക്കിസ്ഥാനിലെ സിന്ധും തമ്മിലുള്ള ഒരു ലയനം നമുക്കിവിടെ കാണാം. ഇതൊരു അന്തർദ്ദേശീയ അതിർത്തിയാണ്. കണ്ണെത്താ ദൂരത്തോളം നീളത്തിലും വീതിയിലും വെളുത്ത മരുഭൂമി കാണാം. ഈ അസുലഭ കാഴ്ച കണ്ണിന് കുളിർമ്മയേകി. ഈ ഉപ്പുമരുഭൂമിയ്ക്കപ്പുറമായി നീണ്ടു കിടക്കുന്ന കരകാണാക്കടൽ... അതിനപ്പുറമെവിടെയോ തുടങ്ങുന്ന ആകാശക്കാഴ്ചകൾ... സത്യത്തിൽ ചെറിയൊരു സ്ഥലജലവിഭ്രമത്തിലായോ എന്നൊരു സംശയമില്ലാതില്ല. കോട്ടയോടു ചേർന്നു കണ്ടു തുടങ്ങുന്ന ഉപ്പുമരുഭൂമിയുടെ അവസാനമെവിടെ? കടലിന്റെ തുടക്കമെവിടെ? അതിനുമപ്പുറം ആകാശ മതിൽ കെട്ടിപ്പൊക്കിയതെവിടെ നിന്ന്? ഉത്തരമില്ല... നഗ്നനേത്രങ്ങളാൽ ഒന്നും തിരിച്ചറിയാനാവുന്നില്ല.

കോട്ടയുടെ മുകളിലൂടെ കുറച്ചു ദൂരം നടന്നു... പിന്നെ താഴോട്ടുള്ള പടികൾ... അതിനുശേഷം മതിലിന്റെ താഴ്ഭാഗത്തൂടെ നടപ്പാത... വീണ്ടും അടുത്ത മുകൾഭാഗത്തേക്കുള്ള പടികൾ ... കോട്ടയങ്ങനെ നീണ്ടു നിവർന്ന് വിരാജിക്കുന്നു.

ഫോർട്ടിലെ കാഴ്ചകൾക്കുശേഷം കുറച്ചപ്പുറത്തായി സ്ഥിതി ചെയ്യുന്ന ദർഗയിലെത്തി. കൊത്തുപണികളാൽ സമ്പന്നമായൊരു കാഴ്ച. പീർ ഘൗസ് മുഹമ്മദ് എന്ന സൂഫി സന്യാസവര്യന്റെ ശവകുടീരമാണിത്. ലഘ്പതിലെ സയ്യിദ് വംശത്തിൽപ്പെട്ട ഇദ്ദേഹം പകുതി മുസ്ലീമായും പകുതി ഹിന്ദു ആയും ആചാരാനുഷ്ഠാനങ്ങൾ നടത്തിപ്പോന്നു. അതീന്ദ്രിയ ശക്തിയിൽ വിശ്വസിച്ച ആളായിരുന്നു അദ്ദേഹം. പ്രാദേശികമായി 'കുബോ' എന്ന പേരിലാണ് ഈ ദർഗ അറിയപ്പെടുന്നത്. കറുത്ത ശിലയാൽ നിർമ്മിതമായ ഈ ശവകുടീരത്തിന് മുകളിലായി 63 അടി ഉയരത്തിൽ കോണാകൃതിയിൽ എട്ട് വശങ്ങളോടുകൂടിയ മകുടം, സമൃദ്ധമായ കൊത്തുപണികൾ നിറഞ്ഞ നാലു വാതിലുകൾ, ചുമരിൽ ഖുറാന്റെ വചനങ്ങൾ ഇത്രയും ദർഗയുടെ സവിശേഷതകളാണ്.

ഇതിനടുത്തായി ലഘ്പത് ഗുരുദ്വാര സാഹിബിന്റെ ഒരു സിഖ് ആരാധനാലയവും സ്ഥിതിചെയ്യുന്നു. ഗുരുനാനാക്ക് തന്റെ ഹജ്ജ് തീർത്ഥാടന വേളയിൽ മെക്കയിലേക്കു പോകുന്ന വഴി ഇവിടെയാണത്രെ താമസിച്ചത്.

ഇവിടത്തെ ചരിത്രം 1819 ലെ ഭൂകമ്പത്തിനു മുമ്പ്, ശേഷം എന്നിങ്ങനെ രണ്ടായി തിരിക്കാം. കാരണം ഉപ്പുമരുഭൂമിയോട് ചേർന്നൊഴുകുന്ന കോറി ഉൾക്കടലിന്റെ സ്ഥാനത്ത് 1819 നു മുമ്പ് സിന്ധു നദിയാണത്രെ ഒഴുകിയിരുന്നത്. അന്ന് വ്യാപാര വാണിജ്യ പ്രശസ്തമായ ഒരു തുറമുഖ നഗരമായിരുന്നു ഇവിടം. ഭൂകമ്പത്തിൽ എല്ലാം തകർന്നു തരിപ്പണമായതോടെ സമ്പന്നത നിറഞ്ഞ ഒരിടം പ്രേതനഗരമെന്ന പേരിൽ അറിഞ്ഞു തുടങ്ങി. ഇന്നും ഉപേക്ഷിക്കപ്പെട്ട ഇടമായി ഇവിടം അറിയപ്പെടുന്നു. എന്തായാലും ഇസ്ലാംമതത്തിന്റെയും സിഖുമതത്തിന്റെയും സ്വാധീനം ഇവിടെ കാണാം.

പിന്നീട്‌ ഞങ്ങൾ അതിപുരാതനമായ കോടേശ്വർ മഹാദേവ ദർശനത്തിനായി പുറപ്പെട്ടു. കോടേശ്വർ എന്നത് ഒരു ചെറു ഗ്രാമമാണ്‌. കോറി കടലിടുക്കിന്റെ വാമുഖത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളരെ വിശാലമായ മരുപ്രദേശമാണിവിടം. പോകുന്ന വഴിക്ക് നാരായൺ സരോവർ കോടേശ്വർ എന്ന വലിയ കവാടം കണ്ടു.നാരായൺ സരോവർ കഴിഞ്ഞ് ഒരു നാലു കിലോമീറ്റർ ആവുമ്പോഴേക്കും കോടേശ്വർ മഹാദേവക്ഷേത്രത്തിലെത്തും.

കോടേശ്വർ എന്നു കേൾക്കുമ്പോൾത്തന്നെ ഇവിടവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന ഒരു ഐതിഹ്യം രാവണകഥയാണ്. രാവണൻ തന്റെ ശക്തി വർദ്ധിപ്പിക്കുന്നതിനായി കഠിനതപസ്സു ചെയ്ത് ശിവനെ സംപ്രീതനാക്കി. ശിവൻ വരമായി ഒരു ആത്മലിംഗം സമ്മാനിക്കുകയും ചെയ്തു. ആ ശിവലിംഗവുമായി മടങ്ങവെ രാവണന്റെ അശ്രദ്ധയാൽ ആത്മലിംഗം താഴെ വീണുപോയി. ഇതിൽ കുപിതനായ ശങ്കരൻ രാവണനെ ശിക്ഷിക്കുവാനായി ആത്മലിംഗത്തിനു ചുറ്റും ഒരു കോടി ശിവലിംഗങ്ങൾ നിർമ്മിച്ചു. ഇതുകണ്ടു പരിഭ്രമിച്ച രാവണന് ആത്മലിംഗമേതെന്ന് കണ്ടുപിടിക്കാനാവാതെ വരികയും ആ കണ്ടതിൽ ഒന്നെടുത്ത് ലങ്കയിലേക്ക് മടങ്ങുകയും ചെയ്തു. ഇവിടം 'കോടിലിംഗേശ്വർ' എന്ന പേരിലും അറിയപ്പെടുന്നു.

കടൽക്കരയിലെ ഈ ക്ഷേത്രമാണത്രെ ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറേ അറ്റം. ഈ കാണുന്ന കടലിന്റെ പകുതിയിൽ നിന്നും പാക്കിസ്ഥാൻ തുടങ്ങുന്നു.

ആദ്യം കുറച്ചു പടികൾ കയറി ശിവ നടയിലേക്കുള്ള കവാടത്തിനരികിലെത്തി. ഇവിടെ ശിവൻ ഭൈരവരൂപിതനായാണ് പ്രതിഷ്ഠിതനായിരിക്കുന്നത്.ഇവിടെ ഭൈരവന്റെ പേര് ഭീമലോചനൻ എന്നത്രെ. ഭീമലോചനൻ എന്ന പേരിൽ ഭൈരവൻ അറിയപ്പെടാൻ കാരണം ശിവന്റെ തിരുനടയ്ക്കടുത്തായി ദേവീപ്രതിഷ്ഠയുള്ള നടയുണ്ട്. ആ ദേവി ഹിംഗ്ലാജ് മാതാജിയത്രെ. ഹിംഗ്ലാജ് മാതാജിയുടെ കാവലാളായി നിൽക്കുന്ന ഭൈരവന്റെ പേരത്രെ ഭീമലോചനൻ.

ആകെ 51 ശക്തിപീഠങ്ങൾ ഉള്ളതിൽ ഒന്നാണ് പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള ഹിംഗ്ലാജ് മാതാജീ ക്ഷേത്രം.(ശക്തിപീഠങ്ങൾ ഉണ്ടായ കഥ ഉജ്ജയിൻ യാത്രാവിവരണവേളയിൽ സൂചിപ്പിച്ചിട്ടുളളതിനാൽ വീണ്ടും പറയുന്നില്ലാട്ടോ). സതീദേവിയുടെ തലഭാഗം ചെന്നു വീണ സ്ഥലമത്രെ ബലൂചിസ്ഥാനിലെ ഹിംഗ്ലാജ് മാതാജീ ക്ഷേത്രം.

ആ ഒറിജിനൽ ഹിംഗ്ലാജ് മാതാ ക്ഷേത്രത്തിന്റെ സങ്കല്പമത്രെ കോടേശ്വറിലെ ദേവീപ്രതിഷ്ഠയ്ക്ക്.
ഈ ശക്തിപീഠങ്ങളിലൊക്കെത്തന്നെ ഭൈരവ പ്രതിഷ്ഠ നമുക്കു കാണാം. ഭൈരവന് ഒരു കാവലാളിന്റെ സ്ഥാനമാണ് എല്ലായിടത്തും. ഭൈരവ ജന്മവുമായി ബന്ധപ്പെട്ട് അങ്ങനെയൊരു കഥ ദേവീഭാഗവതത്തിലുണ്ട്. അതിങ്ങനെയാണ്: സതീദേവിയുടെ ദേഹത്യാഗത്തിനു ശേഷം അതീവ ദു:ഖിതനായിരുന്ന ശങ്കരന്റെ സ്വപ്നത്തിൽ വന്ന് സതീദേവി അരുളിച്ചെയ്തത്രെ... അങ്ങ് ഒട്ടും ദു:ഖിക്കേണ്ടതില്ല, ഞാൻ ഹിമവാന്റേയും മേനയുടേയും പുത്രിയായി ജനിക്കുകയും അങ്ങയുടെ വാമഭാഗമായിത്തീരുകയും ചെയ്യും.'

അങ്ങനെ പാർവ്വതീ ജനനവും വിവാഹവും ഒക്കെ നടന്നു. താരകാസുരന്റെ ശല്യം സഹിക്കവയ്യാതെ ദേവകൾ ദുരിതത്തിലാണ്ടിരുന്ന കാലം.ശിവപാർവ്വതിമാർക്കുണ്ടാകുന്ന കാർത്തികേയനു മാത്രമേ താരകാസുരനെ കൊല്ലാൻ പറ്റൂ. നീണ്ട പതിനഞ്ചു വർഷക്കാലം ശിവപാർവ്വതിമാർ രമിച്ചുകൊണ്ടിരുന്നു. ക്ഷമകെട്ട ദേവകൾ ബ്രഹ്മാവിന്റെ നേതൃത്വത്തിൽ പാർവ്വതീദേവിയെ സ്തുതിച്ചു കൊണ്ട് കൈലാസത്തിലേക്ക് കടന്നു ചെന്നു. അപ്രതീക്ഷിതമായി ദേവന്മാരെ കണ്ട പാർവ്വതീദേവി ചാടിയെഴുന്നേൽക്കവേ ജന്മം കൊണ്ട പുത്രനാണ് ഭൈരവൻ. ശിവപാർവ്വതിമാരുടെ രാസക്രീഢയ്ക്ക് വിഘ്നം വന്നതിനാൽ ദേവന്മാരെ കൈലാസത്തിൽ നിന്ന് പുറത്താക്കി പാർവ്വതീദേവി ഭൈരവനെ കാവലാളാക്കി പ്രതിഷ്ഠിച്ചു. ശിവരേതസ്സിനെ ഒറ്റയ്ക്കു താങ്ങാനുള്ള കഴിവ് ഭൂമിദേവിക്ക് ഇല്ലാതിരുന്നതിനാൽ ശിവൻ രേതസ്സിനെ പാവകനു മേൽ ചൊരിഞ്ഞു. കാർത്തികേയൻ പിറക്കേണ്ടത് ദേവകളുടെ ആവശ്യമായിരുന്നല്ലോ. അതിനാൽ വായുദേവൻ അഗ്നിയിൽ പതിച്ചു കൊണ്ടിരുന്ന രേതസ്സിൽ നിന്ന് ഒരു ഭാഗത്തിന്റെ ഗതി മാറ്റി ആറ് കൃതികമാരുടെ ഗർഭപാത്രത്തിലേക്കാക്കി. അങ്ങനെ ശിവസുതൻ ഷൺമുഖൻ (കൃതികമാരുടെ മകനായതിനാൽ കാർത്തികേയൻ എന്നും അറിയപ്പെട്ടു) പിറന്നു. ബാക്കി രേതസ്സ് അഗ്നിയിൽ പതിക്കുകയും അവയാണത്രെ ഇന്ന് നിധികുംഭങ്ങളായും സ്വർണ്ണങ്ങളായും ഭൂമിയിലുള്ളത്.

എന്തായാലും ഭൈരവന് സ്വന്തം അമ്മ തന്നെ കാവലാൾ സ്ഥാനം കല്പിച്ചു കൊടുത്തിട്ടുള്ളതാണ്.

കോടേശ്വർ മഹാദേവനേയും ഹിംഗ്ലാജ് മാതാജീയേയും തൊഴുതശേഷം കടലിലേക്ക് നീണ്ടു കിടക്കുന്ന നടപ്പാതയിലൂടെ നടന്നു. ഇരുവശവും ശാന്തമായി കിടക്കുന്ന കടലും തീരത്തോട് ചേർന്ന് പായ്ക്കപ്പലുകളും ബോട്ടുകളും മറ്റും ഉണ്ട്; ഒപ്പം തണുത്ത കാറ്റും. ഈ പാത ചെന്നെത്തുന്നത് ഒരു ചെറിയ ഗോപുരത്തോടു കൂടിയ ഹനുമാൻ ക്ഷേത്രത്തിലാണ്.

അവിടെയും തൊഴുത് ഞങ്ങൾ നാരായൺ സരോവറിന്റെ തീരത്തെത്തി. സരോവർ എന്നാൽ തടാകം എന്നർത്ഥം. കടലിനോടു ചേർന്നു കിടന്നിട്ടും ആ പ്രദേശത്തെ പ്രധാനപ്പെട്ട ശുദ്ധജല ഉറവയത്രെ ഈ കാണുന്നത്‌. എന്നാൽ ഏകദേശം മുക്കാൽ ഭാഗവും വറ്റിവരണ്ടുണങ്ങിയ സരോവറിനെയാണ് ഞങ്ങൾ കണ്ടത്.

പണ്ടുകാലത്ത് പ്രശസ്തമായിരുന്നു ഈ മഹാതടാകം. അലക്സാണ്ടർ ചക്രവർത്തിയുടെ കാലത്താണ് ഈ തടാകം നിർമ്മിയ്ക്കപ്പെട്ടത്. ഇതിന്റെ തീരത്തായി മഞ്ഞശിലയാൽ നിർമ്മിക്കപ്പെട്ട ഒരു കൂറ്റൻ കോട്ട മതിലുണ്ട്. 15 അടി പൊക്കത്തിൽ 3000 അടി നീളത്തിലാണിതിന്റെ നിർമ്മിതി. കരയിലുള്ള ക്ഷേത്രവും അനുബന്ധ കെട്ടിടങ്ങളും ഈ മതിൽക്കകത്താണുള്ളത്.

ഹിന്ദുമതപ്രകാരം പ്രധാനപ്പെട്ട അഞ്ച് പുണ്യതീർത്ഥങ്ങളിൽ ഒന്നത്രെ ഇത്.

1. ടിബറ്റിലെ മാനസ് സരോവർ.
2. കർണ്ണാടകയിലെ പമ്പ.
3. ഒറീസ്സയിലെ ഭുവനേശ്വർ.
4. രാജസ്ഥാനിലെ പുഷ്കർ.
5. ഗുജറാത്തിലെ നാരായൺ സരോവർ.

ഇവിടെ പ്രധാന ക്ഷേത്രനട മഹാവിഷ്ണുവിന്റേതാണ്. തേജസ്സുറ്റ വിഗ്രഹം, അതിനപ്പുറത്തായി രാത്രി ഭഗവാനുറങ്ങുന്നതിനായി ചെറിയൊരാട്ടുകട്ടിൽ അലങ്കരിച്ച് വിരിച്ചിട്ടിട്ടുണ്ട്. ഗോൾഡൻ ലേസും കിന്നരികളും പിടിപ്പിച്ച പട്ടുതുണിയും തലയിണയും പിന്നെ ഒരു ഓടക്കുഴലും വച്ചിട്ടുണ്ട്. കൂടാതെ വശങ്ങളിലായി ത്രികാമരായ് ജി, ലക്ഷ്മി നാരായൺ, ഗോവർദ്ധൻ നാഥ് ജി, ദ്വാരകാ നാഥ്, ആദി നാരായൺ, രൺ ഛോഡ്രായ് ജി, ലക്ഷ്മീദേവി എന്നിവർ ഉപദേവതകളായും പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. പഴമയുടെ പ്രൗഢി അതിന്റെ അത്യുന്നതിയിൽ നിലകൊള്ളുന്ന ക്ഷേത്രസമുച്ചയം തന്നെയിത്.

ഇവിടത്തെ പുരോഹിത വിഭാഗക്കാരായ കാൻഫത സെക്ടുകാരിൽ നിന്നും 1607 -ൽ ജുനഗഢിലെ നാരംഗാർ എന്ന സന്യാസി വിഭാഗം ഈ ക്ഷേത്രം പിടിച്ചെടുത്തുവത്രെ. അവിടത്തെ പൊതുജനത്തിന് ശുദ്ധജലത്തിന് വേറെ മാർഗ്ഗമില്ലാതിരുന്നതിനാലത്രെ ഇത്‌. മേൽക്കോയ്മയോടെ പെരുമാറിയിരുന്ന പുരോഹിതന്മാരിൽ നിന്നും ഈ ക്ഷേത്രം പിടിച്ചെടുത്തതിനു ശേഷം പുണ്യ തടാകത്തിലെ വെള്ളം പകുത്ത് 1056 അടി വീതിയിലും 990 അടി നീളത്തിലുമായി നെടുഞ്ചതുരാകൃതിയിൽ ചിറകെട്ടിത്തിരിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തുവത്രെ.

ഈ ക്ഷേത്രവും പരിസരവും അവിടത്തെ മനുഷ്യരും ഒക്കെ നമ്മെ മറ്റൊരു ശിലായുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നതായി തോന്നും; ഒരുവേള കാലം നിശ്ചലമായതായും.

ആദ്യ ദിന കാഴ്ചകൾക്കുശേഷം രാത്രി ഏഴരയോടെ മുറിയിൽ തിരിച്ചെത്തി. ഒന്നു ഫ്രെഷ് ആയി വന്നതിനു ശേഷം അത്താഴവുമൊരുക്കി നമ്മെ മാടി വിളിച്ചുകൊണ്ടിരുന്ന വിശ്രാന്തിഭവന്റെ ഡൈനിംഗ് ഹാളിലെത്തി.ഖിച്ഡി,  കഡി, റൊട്ടി, കാബേജ്- തക്കാളി വെജ് മിക്സ്, കരേല സബ്ജി, സംഭാര്യു ശാക് എന്നിങ്ങനെ തനതായ ഗുജറാത്തി വിഭവങ്ങൾ ഞങ്ങളെ കാത്തിരുന്നിരുന്നു.

പേരു കേട്ട് പേടിക്കേണ്ടതില്ലാത്തതും നമുക്കു കേട്ടുപരിചയം ഇല്ലാത്തതും എന്നാൽ ഓർമ്മയിൽ പോലും നാവിൽ കൊതിയൂറും രുചിയാൽ കപ്പലോടിക്കാവുന്നതുമായ ഒരു വിഭവമാണ് സംഭാര്യു ശാക്.

എനിക്കിത് വളരെ ഇഷ്ടപ്പെട്ടതിനാൽ
ഞാനിതിന്റെ റെസിപ്പി കുറിച്ചു വച്ചു. അതും കൂടെ ഞാനിവിടെ യാത്രാരുചിമുകുളങ്ങളിൽ ഒന്നായി അടയാളപ്പെടുത്തി കടന്നു പോവാം. വഴുതനങ്ങ കൊണ്ടുള്ള ഒരു രുചിക്കൂട്ടാണിത്. ഒരു വഴുതനങ്ങക്ക് എടുക്കേണ്ട അളവിൽ ഞാനിത് പറയാം.

ഒരു വഴുതനങ്ങ എടുത്ത് സൈഡിൽ നീളത്തിലായി കീറി വയ്ക്കുക. രണ്ടായി മുറിഞ്ഞു പോവരുത്. അതിനു ശേഷം സ്റ്റഫ് ചെയ്യാനായി കടലപ്പൊടി (2- ടീ സ്പൂൺ), മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, എള്ള്, മല്ലിയില, ഇഞ്ചി-പച്ചമുളക് പേസ്റ്റ്, പഞ്ചസാര (1 സ്പൂൺ), ഉപ്പ് (1 നുള്ള് ) എന്നിവ കുഴച്ച് വഴുതനങ്ങ നിറയ്ക്കുക. വാഴനാരു കൊണ്ടോ മറ്റോ കെട്ടാം. ഒരു പ്രെഷർകുക്കർ അടുപ്പിൽ വെച്ച് 2 സ്പൂൺ എണ്ണ ഒഴിച്ച് കായം ഇട്ട് മൂപ്പിച്ച് നിറച്ച വഴുതനങ്ങ ഇട്ട് കുറച്ചു വെള്ളമൊഴിച്ച് രണ്ട് വിസിൽ അടിപ്പിയ്ക്കുക. ചൂടോടെ ഉപയോഗിക്കാം. ഇതിന്റെ കൂടെത്തന്നെ ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയും സ്റ്റഫ് ചെയ്ത് ചേർക്കാം. ഇവിടെ തന്നതിൽ വഴുതനങ്ങ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാവയ്ക്ക ഇഷ്ടമുള്ളവർക്ക് വഴുതനങ്ങയ്ക്കു പകരം അത് സ്റ്റഫ് ചെയ്തും സംഭാര്യു ശാക് ഉണ്ടാക്കാം.

എന്തായാലും അത്താഴം ഗംഭീരമായിരുന്നു. നിറഞ്ഞ സംതൃപ്തിയോടെ സുഖമായുറങ്ങി.
- - - - - - - - - - - - - - -
അമ്പിളി ഗോപൻ







Monday, 26 February 2018

ഗൗര്യാപ്ലയും താത്തിയും.

ഗൗര്യാപ്ലയും താത്തിയും.
--------------------------------------

ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതൽ എന്റമ്മയുടെ കൈസഹായിയാണ്. രാവിലെ എണീറ്റു മുറ്റമടിക്കും. കാപ്പി കുടിച്ച ഗ്ലാസ് കഴുകി വെയ്ക്കും. പിന്നെ അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങാൻ കടയിലും പോവും.

അങ്ങനെ സ്ഥിരമായി അമ്മ എന്നെ വിട്ടിരുന്ന കടയാണ് ഗൗര്യാപ്ലയുടെ കട. അദ്ദേഹത്തിനന്നു തന്നെ ഒരറുപതു വയസ്സുണ്ടായിരുന്നിരിക്കണം. നല്ല പാതി താത്തിയ്ക്ക് അമ്പത്തഞ്ചൊക്കെയായിട്ടുണ്ടാവും.

രണ്ടു പേരുടെയും ശരിയായ പേരൊന്നും എനിക്കറിയില്ല. എല്ലാവരും വിളിച്ചിരുന്നത് ഗൗര്യാപ്ല, താത്തി എന്നൊക്കെത്തന്നെ.

ഒരൂസം ഞാൻ രാവിലെ ഗൗര്യാപ്ലയുടെ പീട്യേലേയ്ക്ക് യാത്ര പുറപ്പെട്ടു. കടയിൽ പോകാൻ വിടുന്നതു തന്നെ സന്തോഷള്ള കാര്യാണ്. വീട്ടിലെ കാര്യൊക്കെ നോക്ക്വാണെന്ന് തോന്നുന്ന, ഒരു തരം ചുമതലാബോധത്തിൽ നിന്നുണ്ടാകുന്ന ഗമ, അതെനിക്ക് തോന്നാറുണ്ടായിരുന്നു.

ഒരു ഞായറാഴ്ച രാവിലെയാ സംഭവം. അമ്മ വേലിയുടെ അടുത്ത് നിൽക്കും. ഞാൻ നടന്ന് റോഡിനിപ്പുറം നിൽക്കും. എന്നെ കാണുന്നതും താത്തി റോഡ് ക്രോസ്സ് ചെയ്തു വന്ന് എന്നെക്കൂട്ടി അപ്പുറത്ത് കടക്കും. ഇതാണ് സാധാരണ രീതി. അന്ന് ഞായറാഴ്ച ആയോണ്ട് താത്തി പള്ളീന്ന് എത്തീട്ടില്യ. ഞാൻ ക്രോസ്സ് ചെയ്യാൻ റെഡിയായി ഇപ്പുറമെത്തുമ്പോൾ വെളള ഷർട്ടും വെള്ളമുണ്ടുമുടുത്ത് ഒരു സഞ്ചിയും തൂക്കി ഗൗര്യാപ്ലയും എത്തുന്നേയുള്ളൂ. പാവം! എന്നെക്കണ്ടതും ചാടല്ലേന്ന് കൈ കൊണ്ട് കാണിക്കുന്നുണ്ട്. സഞ്ചി കടയ്ക്കു മുന്നിൽ തിണ്ണയിൽ വച്ച് പല്ലില്ലാത്ത ചിരിയും നീട്ടിയ കൈയുമായി വന്ന് എന്റെ കൈകളിൽ പിടിച്ചു. ആ കൈകളിൽ തൂങ്ങിയാടി ഞാനപ്പുറത്തെത്തി.

ഞാൻ സിമന്റു തേച്ചു മിനുസപ്പെടുത്തിയ അരമതിലിൽ ഇരുന്നു. ഞാനെന്നും ആ തിണ്ണയുടെ മിനുസത്തെ തൊട്ടു നോക്കി ആസ്വദിച്ചിരുന്നു. അന്നും ഞാൻ ഒരു വിരലുകൊണ്ട് തൊട്ടു, പിന്നെ രണ്ടു വിരൽ, പിന്നെ രണ്ടു കൈകളും ഒന്നിച്ചു ചേർത്ത് തടവി, അതും പോരാഞ്ഞ് രണ്ടു കവിളുകളും ആ തറയിൽ വച്ച് തണുപ്പ് അരിച്ചു കേറുന്നതും ലോലമായ ഉരസലും അവിടെ തലവെച്ചു കണ്ട ചെരിഞ്ഞ ലോകവും കാഴ്ചകളും മനസ്സിൽ നിറച്ചു കണ്ടു.

ഇത്രയും കളി കഴിഞ്ഞിട്ടും ഗൗര്യാപ്ല പീട്യേടെ മരപ്പലക മാറ്റിക്കഴിഞ്ഞില്ലാർന്നു. പിന്നെ ഞാനവിടെ മരപ്പലകകളുടെ എണ്ണമെടുത്തു. ഓരോന്നിനു മീതെയും ഒന്ന്, രണ്ട് എന്നടയാളപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ പതിനാലെണ്ണം എണ്ണി.

"ഞാമ്പിടിയ്ക്കാം." ഇളക്കുന്ന മരപ്പലക പിടിച്ച് ചാരി വെയ്ക്കാൻ ഉത്സാഹം കാട്ടി ഞാൻ ഗൗര്യാപ്ലയുടെ പുറകെ ചെന്നു നിന്നു.

"വേണ്ടാട്ടാ, നല്ല ഭാരാണേ, മോന്റെ തലേക്കൂടെവീഴും. മോനവിടെച്ചെന്നിരുന്നോ."

ഞാനിരിക്കാൻ തിരിഞ്ഞപ്പോഴേക്കും താത്തി വന്നു. ചട്ടയും മുണ്ടുമുടുത്ത് ചെറുതായി നരച്ച മുടിയും തിളങ്ങുന്ന കണ്ണുകളും നിറഞ്ഞ ചിരിയുമുള്ള താത്തിയെ എനിക്ക് ഭയങ്കര ഇഷ്ടായിരുന്നു.

"മോനിന്ന് നേരത്തേ വന്നാ?" താത്തയുടെ ചോദ്യം.

"എന്തൊക്കെയാ വേണ്ടേ?"

ഇന്നത്തെപ്പോലെ ലിസ്റ്റൊന്നുമില്ല. മൂന്നു വിരലുമടക്കിയതോർമ്മയുണ്ട്.

ഞാനോർത്തെടുത്തു. ഓർമ്മ വന്നതും ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു.

" അരക്കിലോ ഉരുളക്കിഴങ്ങ്,
അരക്കിലോ സവാള,
പത്ത് പപ്പടം."

ഇതു പറയുമ്പോഴും ഞാനോരോ വിരലായി മടക്കി.

പിന്നെ കൈ പുറകെക്കെട്ടി ആടിയാടി നില്പായി.

താത്തി കടലാസിനെ കോണാകൃതിയിലാക്കി ഒന്നിൽ ഉരുളക്കിഴങ്ങും മറ്റൊന്നിൽ സവാളയുമെടുത്തു. വലതു വശത്തായി ഒരു വലിയ ചുറ്റായി തൂക്കിയിട്ടിരുന്ന ചാക്കു വളളിയുടെ ഒരറ്റം പിടിച്ച് പൊതിയെ ചുറ്റി മറ്റേ അറ്റം കൈകൊണ്ട് വലിച്ചു പൊട്ടിച്ച് ചാക്കുവള്ളിയുടെ രണ്ടറ്റവും കൂടി തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് തെരുത്തു കേറ്റി ചുരുട്ടിവെച്ചു. ഈ സമയമത്രയും ഞാൻ കൗതുകത്തോടെ താത്തിയെ നോക്കി നിന്നു; താത്തി എന്റെ മുഖത്തു നോക്കി വെറ്റിലക്കറയുള്ള പല്ലുകാട്ടി ചിരിച്ചുകൊണ്ടും.

താത്തി അതൊക്കെ ചെയ്യണതു കാണാൻ തന്നെ എന്തൊരു ചേലാണ്! അതൊരു കലയായിരുന്നു.

ഞാൻ മൂന്നു പൊതിയും നെഞ്ചോടടുക്കിപ്പിടിച്ച് നടന്നു തുടങ്ങി. താത്തി എന്നെ വട്ടം പിടിച്ച് റോഡിനിപ്പുറത്താക്കി വിട്ടു.

ജീവിതത്തിൽ കണ്ടുമുട്ടിയ ഈ സ്നേഹമരങ്ങളെ ഓർക്കാനും രണ്ടു വാക്ക് കുറിക്കാനും ഇടയാക്കിയ ഈ ധന്യനിമിഷങ്ങളെ ഞാൻ മനസാ നമിക്കുന്നു.

....................................................

അമ്പിളി ഗോപൻ.

Saturday, 3 February 2018

ചില ഉത്തരായൻ കാഴ്ചകളിലൂടെ..

ചില ഉത്തരായൻ കാഴ്ചകളിലൂടെ..
----------------------------------------------------

കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങളുടെയും വൈവിദ്ധ്യ പൂർണ്ണമായ ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും തനതായ രുചി മേളങ്ങളുടെയും നാടാണ് ഗുജറാത്ത്.

ഗുജറാത്തിൽ ഒരു വർഷത്തിൽ ചെറുതും വലുതുമായി ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളിൽ അതിബൃഹത്തായ ഒന്നാണ് 'പതംഗ് ഉത്സവ്'. എല്ലാ വർഷവും ജനുവരി 14 ന് ഉത്തരായൻ ആഘോഷിയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പട്ടം പറത്തൽ മഹോത്സവം സംഘടിപ്പിക്കുന്നത്. ഗുജറാത്ത് ടൂറിസത്തിന്റെ ഭാഗമായി 1989 മുതൽ ഔദ്യോഗികതലത്തിൽ കൈറ്റ് ഫെസ്റ്റിവൽ നടത്തി വരുന്നു.

ജനുവരി ആദ്യമാകുമ്പോൾ തന്നെ വഴിയോരങ്ങളിലും മാളുകളിലും മറ്റും പല നിറങ്ങളിലും വലുപ്പങ്ങളിലും ആകൃതികളിലുമായി പട്ടങ്ങൾ സ്ഥാനം പിടിക്കും. ഒപ്പം പറത്താനുള്ള ദോരി ചുറ്റിയ ഫിർക്കിയും ഉണ്ടാവും. ദോരി എന്നാൽ ചരട് എന്നർത്ഥം. ചരട് ചുറ്റിയ ദണ്ഡിനെ ഫിർക്കി എന്നു വിളിക്കുന്നു. ഫിർക്കിയും പല നിറങ്ങളിലുണ്ട്. ഉത്തരായനിനു മാസങ്ങൾക്കു മുമ്പേ തന്നെ ഗ്രാമവാസികൾ വഴിയരികിലിരുന്നു നൂലുകൾ കളർ മുക്കുന്നതും ഫിർക്കിയിൽ ഒരു കറക്കുന്ന യന്ത്രസഹായത്തോടെ ചുറ്റുന്നതും പല കളർ പേപ്പറുകളും ബട്ടർ പേപ്പർ കൊണ്ടും ഒക്കെ പട്ടമുണ്ടാക്കുന്നതും പതിവു കാഴ്ചയാണ്.

ഗുജറാത്ത് ഗവൺമെന്റ് ഔദ്യോഗികമായി നമ്മുടെ ഇവിടെ ഓണം വാരാഘോഷം ഒക്കെ സംഘടിപ്പിക്കുന്നതു പോലെ ഒരാഴ്ച നീളുന്ന അന്താരാഷ്ട്ര പതംഗ് ഉത്സവ് സംഘടിപ്പിക്കുന്നു. ഇതിന്റെ ഉദ്ഘാടനം അഹമ്മദാബാദ് സബർമതി റിവർഫ്രന്റിലാണ് നടത്തുന്നത്. പിന്നെയുള്ള ദിവസങ്ങളിൽ ഗുജറാത്തിന്റെ പല ഭാഗങ്ങളിലായി നടത്തിവരുന്നു. സൂററ്റ്, നടിയാട്, വഡോദര, രാജ്കോട്ട്, കച്ചിന്റെ പല ഭാഗങ്ങൾ തുടങ്ങി പലയിടങ്ങളിൽ കൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. സമാപനോത്സവം റിവർഫ്രന്റിൽ തന്നെയാണ് ആഘോഷിക്കുന്നത്.
കൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്കായി അനേകം പട്ടം സ്റ്റാളുകളും ഫുഡ് കോർട്ടുമൊക്കെ സജ്ജീകരിക്കുന്നു.

ഈ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിൽ മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക പട്ടങ്ങൾ, യു എസ് എ യുടെ ജയന്റ് ബാനർ കൈറ്റ്, ജപ്പാനിലെ റൊക്കാകു ഫൈറ്റിംഗ് കൈറ്റ്സ്, ഇറ്റലിയിൽ നിന്നുള്ള സ്കൾപ്റ്ററൽ കൈറ്റ്, ചൈനയുടെ ഡ്രാഗൺ കൈറ്റ് ഒക്കെ അത്യപൂർവ്വമായ സവിശേഷ കാഴ്ചയാണ്.
പ്ലാസ്റ്റിക്, ഇലകൾ, മരം, മെറ്റൽ, നൈലോൺ എന്നിങ്ങനെ പലതരം സാധന സാമഗ്രികളാൽ നിർമ്മിക്കപ്പെടുന്നവയാണവ.

ജനുവരി ആദ്യം മുതൽ തന്നെ ആകാശങ്ങളിൽ പല നിറങ്ങളിൽ പാറിക്കളിക്കുന്ന പട്ടങ്ങൾ അതിസുന്ദരമായ കാഴ്ചയാണ്.

മകരസംക്രാന്തി ദിനമായ ജനുവരി പതിനാലിനും പതിനഞ്ചിനും എല്ലാവരും ഉത്സവാഘോഷ തിമിർപ്പിലാവും. ദൂരെ ദൂരെയുള്ള ബന്ധുക്കളെല്ലാം ഒത്തുകൂടുന്ന ദിനം കൂടിയാണന്ന്. അവർ രാവിലെ മുതൽ ഫ്ലാറ്റുകളുടെ ടെറസ്സിൽ കട്ടിലും മേശയും കസേരയുമൊക്കെയിട്ട് പാട്ടും ഡാൻസും ഒക്കെയായി പട്ടം പറത്തിക്കൊണ്ടേയിരിക്കും. പട്ടം എത്ര ഉയരത്തിലെത്തുമെന്ന് മത്സരബുദ്ധിയോടെ മുന്നേറിക്കൊണ്ടിരിക്കും. ഈ ഫിർക്കി രണ്ടു തരത്തിലുണ്ട്. ഒന്ന് കൊച്ചുകുഞ്ഞുങ്ങൾക്കൊക്കെ പറത്താനുള്ള സാധാരണ നൂലുചുറ്റിയത്.. രണ്ടാമത്തേത് നൂലിൽ ഗ്ലാസ്സുപൊടിയുടേയും പശയുടേയും മിശ്രിതം തേച്ചത്.. വലിയ കുട്ടികളും പ്രായമായവരുമൊക്കെ ചില്ലുപൊടി പുരട്ടിയ നൂലാണ് തെരഞ്ഞെടുക്കുക. ഒന്നുകൊണ്ട് മറ്റൊന്നിനെ വെട്ടിവീഴ്ത്തുന്നതും മത്സരത്തിന്റെ ഭാഗമാണ്. വെട്ടിവീഴ്ത്തിയ പട്ടം പിന്നെ കുട്ടികൾ പെറുക്കാനോടുന്നതും കാണാം. കാരണം ഒരിക്കൽ പറന്നുപൊങ്ങിയ പട്ടം പറത്താനും എളുപ്പമാണ്. പട്ടം കെട്ടുന്നതും ഒരു കലയാണ്. നടുഭാഗത്തു നിന്ന് ഇരുവശങ്ങളിലേക്കും ഒരേ നീളം നോക്കി ബാലൻസ് ചെയ്ത് കെട്ടുക എന്നത് അതിൽ പ്രാവീണ്യമുള്ള ഒരാൾക്കേപറ്റൂ..

പ്രധാനപ്പെട്ട മറ്റൊരു കാര്യം ഈ ദിവസങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളാണ്. വളരെ ഷാർപ്പായ ഈ നൂലുകൾ കൊണ്ട് പറന്നുയരുന്ന അനേകം പക്ഷികൾ കഴുത്തറ്റു വീഴുന്നത് വേദനാജനകമായ കാഴ്ചയാണ്. സ്ക്കൂട്ടറിൽ പോകുന്നവർക്കും ഈ നൂലൊരു ഭീഷണിയാണ്. അതുകൊണ്ടു തന്നെ ഈയിടെയായി സ്കൂട്ടറിനു മുൻപിലായി പ്രത്യേകം ഡിസൈൻ ചെയ്ത കമ്പികൾ ഫിറ്റു ചെയ്ത് കാണാറുണ്ട്. പട്ടം പറന്നു പൊങ്ങുന്ന രസച്ചരടിൽ മുങ്ങി ടെറസ്സിൽ നിന്ന് വീണുപോവുക, റോഡരികിൽ കളിക്കുന്ന കുട്ടികൾക്ക് ആക്സിഡൻറുകൾ പറ്റുക തുടങ്ങിയവ സംഭവിക്കാറുണ്ട്.

* * *

ജനുവരി 14 ന് ഉത്തരായനും 15 ന് വാസി ഉത്തരായനും ആണ്. വാസി എന്നാൽ നക്ഷത്രമെന്നാണർത്ഥം. ആ ദിവസങ്ങളിൽ പകൽ മുഴുവൻ പട്ടം പറത്തലും സന്ധ്യയായാൽ പല വർണ്ണങ്ങൾ പൊഴിക്കുന്ന പടക്കങ്ങളുടെ പൊടിപൂരവും ആണ്. ആകാശത്തിന്റെ എല്ലാ കോണുകളും നിറഞ്ഞ് പൂത്തിരികൾ കത്തിയമരുന്നു. കൂടാതെ ഇരുട്ടു പരന്നു കിടക്കുന്ന അന്തരീക്ഷത്തിലൂടെ ഒഴുകി നടക്കുന്ന തുക്കലുകളും. വിളക്കു വച്ച പട്ടങ്ങളാണ് തുക്കലുകൾ. ആ സന്ധ്യകൾക്ക്, രാത്രികൾക്ക് എത്രമേൽ ചാരുതയാണെന്നോ!!

ഉത്തരായൻ ദിനത്തിലെ തനതായ രുചിക്കൂട്ടുകളിൽ ഒഴിച്ചുകൂടാനാവാത്തവയാണ് ഉന്തിയു, ജിലേബി എന്നിവ. കൂടാതെ ഈ ദിവസം പകൽ ടെറസ്സിൽ കളിക്കുന്നതിനിടയിൽ ഇടതടവില്ലാതെ കഴിക്കാൻ വലിയ ടിന്നുകൾ നിറയെ കപ്പലണ്ടി കൊണ്ടും എള്ളു കൊണ്ടും ചിക്കി ഉണ്ടാക്കി വച്ചിട്ടുണ്ടാകും. ഉന്തിയു ചെറിയ ഗ്രേവിയോടു കൂടി കറി പോലെയിരിക്കും. നമ്മുടെ തിരുവാതിര പുഴുക്കു പോലെ ചേന, ചേമ്പ്, കാച്ചിൽ തുടങ്ങി അനേകം പച്ചക്കറികൾ ചേരുന്ന സ്വാദിഷ്ടമായൊരു വിഭവമാണത്. പക്ഷെ രുചി നമ്മുടെ നാക്കിനൊട്ടും തന്നെ പരിചിതമായ ഒന്നല്ല. അതിന്റെ കൂടെ പൂരിയാണവർ ഉണ്ടാക്കുന്നത്. ചെറിയ പുളിരസമുള്ള ജിലേബിയും നല്ല രുചിയാണ്.

പട്ടം പറത്തലിന്റെ, ഭക്ഷണത്തിന്റെ ഒക്കെ ഇടവേളകളിൽ സ്ത്രീ പുരുഷ ഭേദമന്യേ ഏവരും ഗർബ കളിയ്ക്കുന്നതും  കാണാം.

ഈ പാട്ടുകളുടെ താളത്തിൽ, രുചിക്കൂട്ടുകളുടെ വ്യത്യസ്തമായ മേളത്തിൽ, ഒരു പട്ടം പോലും നേരെ പറത്താനായില്ലെങ്കിലും പറത്തുന്നവരുടെ ജിജ്ഞാസയിൽ നമ്മളും പറഞ്ഞു പോവും: - 'ആപ്നു അംദാവാദ്'...

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

അമ്പിളി ഗോപൻ.


Tuesday, 30 January 2018

ജയ് ഗിർനാരി ..

"ജയ് ഗിർനാരി.."





* *  * *  * *  * * * *
ഡിസംബറിലെ ക്രിസ്തുമസ് അവധിക്കാലമാണ് ഇത്തവണ ഞങ്ങൾ യാത്രയ്ക്കായി തെരഞ്ഞെടുത്തത്.ഗുജറാത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്യുന്നതിന് ഞാൻ കണ്ട ഏറ്റവും വലിയ പ്രത്യേകത സ്ലീപ്പർ ബസുകളാണ്. ടിക്കറ്റുകൾ എപ്പോഴും ലഭ്യവുമാണ്. അങ്ങനെ നവാബുമാരുടെ രാജ്യം എന്ന് പണ്ട് ഹിസ്റ്ററി ടെക്സ്റ്റിൽ പഠിച്ചിട്ടുള്ള ജുനഗഢിലേക്കാണീ യാത്ര.
     രാത്രി 10 മണിക്ക് അഹമ്മദാബാദിൽ നിന്ന് ഞങ്ങളുടെ സ്വപ്ന യാത്ര തുടങ്ങി.ഏകദേശം 318 കിലോമീറ്ററാണ് അഹമ്മദാബാദ് - ജുനഗഢ് ദൂരം. അതിരാവിലെ നാലര മണിയോടെ ഞങ്ങൾ ഹോട്ടലിൽ എത്തിച്ചേർന്നു.ഞങ്ങളുടെ ബുക്കിംഗ് രാവിലെ 10 മണിക്കേ തുടങ്ങുകയുള്ളൂ. എന്നാൽ ആതിഥ്യമര്യാദയിൽ ഒട്ടും പിറകിലല്ല ഗുജറാത്തികൾ .തത്കാലം വിശ്രമിക്കാൻ സൗകര്യം ഒരുക്കിത്തന്നു അവർ.സീസൺ ആയതിനാൽ നല്ല തിരക്കുണ്ട്. സമ്മറിൽ ഇവിടെയൊന്നും യാത്ര ചെയ്യുക പ്രായോഗികമല്ല. സാധാരണ മെയ് _ജൂൺ മാസങ്ങളിൽ 48-50 ഡിഗ്രി വരെ ചുട്പോവും. അതു കൊണ്ടു തന്നെ വിന്ററിൽ ഇവിടത്തുകാർ പരമാവധി യാത്ര ചെയ്യും.
    രാവിലെ 9 മണിയോടെ ഞങ്ങളുടെ മുറി റെഡിയാക്കിത്തന്നു. പെട്ടെന്നു തന്നെ കുളിച്ചു റെഡിയായി .അടുത്ത പരിപാടി പ്രഭാതഭക്ഷണം.ഗുജറാത്തിൽ പൊതുവെ തന്നെ രാവിലെ ഭക്ഷണത്തിന് ഹോട്ടലുകൾ അല്ലെങ്കിൽ തട്ടുകടകൾ കണ്ടു പിടിയ്ക്കണം. അതു പറയാൻ കാരണം ഹോട്ടലുകൾ തുറക്കുന്നതു തന്നെ പതിനൊന്ന് മണിയാവുമ്പോഴാണ്.പിന്നെ പൊതുവെ ചെറിയ തട്ടുകടകൾ കാണാറുണ്ട്.പോഹ, ഡോക്ല, ഫാഫ്ഡ, ജിലേബി ഒക്കെ കിട്ടും.എന്നാൽ ജുനഗഢിൽ അതുമില്ല. ഇവിടെ ആൾക്കാർ രാവിലെ 5 രൂപ പാർലേബി സ്ക്കറ്റും ചായയും മാത്രമേ കഴിക്കൂ എന്ന് താമസിച്ച ഹോട്ടലിലെ റൂം ബോയ് പറഞ്ഞു. ദോശ, ഇഡ്ഡലി, പുട്ട്, ചപ്പാത്തി ഒക്കെയായി വിസ്തരിച്ച് കഴിച്ച് ശീലിച്ച നമുക്ക് എന്തെങ്കിലും കഴിച്ചല്ലേ പറ്റൂ.കുറെ നടന്നപ്പോൾ ഒരു തട്ടുകട കണ്ടു കിട്ടി. സമോസ, കച്ചോരി, ഡോക്ല ഒക്കെ കഴിച്ച് വിശപ്പടക്കി.
    ഇനി സ്ഥലങ്ങൾ കാണേണ്ടത് ഗൂഗിൾ മാതാജിയുടെ സഹായത്തോടെ നോക്കി വച്ചിട്ടുണ്ട്. ഹോട്ടലിന്റെ ഫ്രണ്ടിൽ നിന്ന് ഒരു റിക്ഷയിൽ കയറി ആദ്യം ഞങ്ങൾ ഉപർകോട്ട് ഫോർട്ടിലെത്തി. പഴമ വിളിച്ചോതുന്ന കോട്ട ചുറ്റിക്കാണാൻ 2 മണിക്കൂറെങ്കിലും വേണം. രണ്ടു മൂന്നു കിലോമീറ്റർ നടക്കാനുണ്ട്.പ്രായമായവർക്ക് വേണമെങ്കിൽ അതിനകത്ത് ഓടുന്ന റിക്ഷകൾ ഉണ്ട്.ഞങ്ങൾ നടന്നു തന്നെ എല്ലാം ചുറ്റിക്കണ്ടു. കമാനാകൃതിയിലുള്ള ആദ്യ കവാടം പിന്നിട്ടാൽ മൗര്യ സാമ്രാജ്യകാലത്ത് ചന്ദ്രഗുപ്ത മൗര്യൻ പണികഴിപ്പിച്ച ബുദ്ധ ഗുഹയിലാണ് എത്തിച്ചേരുക.ഈ ഗുഹ3 നിലകളിലായി നിലകൊള്ളുന്നു. ഈ ഗുഹയുടെ പ്രത്യേകത ഇത് മുകളിൽ നിന്ന് താഴോട്ട് പണി കഴിപ്പിച്ചതാണത്രെ.ഈ ആർക്കിടെക്ചർ കാണേണ്ടതു തന്നെ.3 19B C യി ലാണത്രെ ഇതിന്റെ നിർമിതി. പിന്നീട് ആറാം നൂറ്റാണ്ടുവരെ ഇത് ഒറിജിനൽ രൂപത്തിൽ നിലകൊണ്ടിരുന്നുവെന്നും പിന്നീട് ഉപേക്ഷിക്കപ്പെട്ടുവെന്നും കഥകൾ.976 AD യി ലാ ണ് ഇന്നത്തെ രൂപത്തിൽ കണ്ടെടുക്കുന്നത്. ഫോർട്ടിന്റെ പല ഭാഗങ്ങളും പഴയ കാല പ്രതാപത്തിന്റെ അവശിഷ്ടങ്ങളായി നിലകൊള്ളുന്നു.
  ഈ ഗുഹയ്ക്കു ശേഷം ആദി - കടി വാവ്, നവ് ഘൻ കുവ എന്നീ കാഴ്ചകളിലേക്കാണ് നാം എത്തുക.രജ്പുത് ഭരണകാലത്താണ് ഈ പടിക്കിണറുകളുടെ (Step - well) നിർമിതി. അന്നത്തെക്കാലത്ത് വെള്ളം സംരക്ഷിക്കപ്പെടുന്നതിന് അവർ മുൻതൂക്കം കൊടുത്തിരുന്നത് നമുക്ക് കണ്ടറിയാം. ആദി - കടി വാവ് 120 പടികൾ താഴോട്ടിറങ്ങുമ്പോൾ വെള്ളത്തിന്റെ ലെവലിൽ എത്തിച്ചേരുന്നു.നവ് ഘൻകുവായിൽ ഇറങ്ങുന്നതിന് വൃത്താകൃതിയിൽ കോണിപ്പടികൾ ഉണ്ട്.
  റാണക് ദേവിയുടെ കൊട്ടാരമായിരുന്നിടം ജമാ മസ്ജിദ് ആയി പരിണമിച്ച കാഴ്ചയാണ് അടുത്തത്. 140 തൂണുകളിലായാണ് ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്.ഇതിനകത്തുടെ ചെറിയ ഒരു സ്റ്റെയർകേസ് കാണാം. അവിടം വഴി ടെ റസ്സിലെത്തിയാൽ ഗിർനാർ മലനിരകൾക്കു താഴെ പരന്നു കിടക്കുന്ന ജൂനഗഢ്പട്ടണം മുഴുവൻ കാണാം.
ഉപർ കോട്ടിലെ കണ്ണഞ്ചിപ്പിക്കുന്ന ചരിത്ര കാഴ്ചകൾ നമ്മെ ആ കാലഘട്ടത്തിലേക്ക് കൊണ്ടു പോകുന്നു. തികച്ചും വ്യത്യസ്തമായ കാഴ്ചകൾ ഏതൊരു ചരിത്ര പ്രേമിയെയും അത്ഭുതലോകത്തേക്ക് എത്തിക്കും. അവിടം കണ്ടു കഴിഞ്ഞപ്പോഴേക്കും സമയം രണ്ടു മണിയായി.വെയിലുണ്ട്.വിന്ററായതിനാൽ തണുത്ത കാറ്റ് വീശുന്നുണ്ട്. രാവിലെ മാത്രമേ സ്വെറ്ററിന്റെ ആവശ്യമുള്ളൂ. നല്ല സുഖകരമായ കാലാവസ്ഥ .
 ഉച്ചയ്ക്ക് ഞങ്ങൾ എവിടെയും കഴിക്കാൻ പോയില്ല. ഫോർട്ട് നടന്നു കണ്ട് കുറച്ച് തളർന്നിരുന്നു. ഉച്ചഭക്ഷണം ബ്രെഡും പഴവും കൊണ്ടൊപ്പിച്ചു.കുറച്ച് റെസ്റ്റെടുത്ത ശേഷം മൂന്നര മണിയോടെ പറഞ്ഞല്പിച്ചതു പോലെ ആ ഓട്ടോക്കാരൻ വന്ന് ബാക്കി കാഴ്ചകളിലെ മയിൽ വാഹകനായി. ഇവിടെ മിക്കതും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സൈറ്റുകളാണ്.അതുകൊണ്ടുതന്നെ 6 മണി വരെയേ തുറന്നിരിക്കുകയുള്ളൂ.
          ഉച്ചയ്ക്കുശേഷം ആദ്യം കാണാൻ പോയത് മഹബത് മക്ബര പാലസ് ആണ്. ജുനഗഢിലെ നവാബു മാരുടെ കൊട്ടാരമായിരുന്നു ഇത്.ഇന്നത് അവരുടെ ശവകുടീരമാണ്.1892 ൽ മഹബത് ഖാൻ പണികഴിപ്പിച്ച ഈ കൊട്ടാരം മിനാരങ്ങളും ചുറ്റു ഗോവണിയുമൊക്കെയായി നമ്മെ അതിശയിപ്പിക്കും. ഇന്തോ - ഇസ്ലാമിക് ഹിന്ദു യൂറോപ്യൻ ഘടനകളുടെ ഒരു സമ്മിശ്ര രൂപമാണീ കൊട്ടാരം.ഗോത്തിക് ശില്പകലകളുടെ സ്വാധീനവും നമുക്കിവിടെ കാണാം. സാധാരണയായിഇത് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാറില്ല. ചുറ്റും നടന്നു കാണാം. നടുക്കുള്ള കൊട്ടാരത്തിനു ചുറ്റുമായി നാലു മൂലകളിലും ഒരാൾക്കു മാത്രം കയറിപ്പോകാവുന്ന വീതിയിലുള്ള കൊത്തുപണികളാൽ സമൃദ്ധമായ ഗോവണികൾ ഉണ്ട്. അതിലൂടെ മുകളിലേക്കു കയറിയാൽ നഗരക്കാഴ്ചകൾ ആസ്വദിക്കാം.
പിന്നീട് പോയത് ദർബാർ ഹാൾ മ്യൂസിയത്തിലേക്കാണ്. നെടുനീളൻ വരാന്തയിലുടനീളം തൂക്കിയിട്ടിരിക്കുന്ന വിവിധ ആകൃതിയിലും വലുപ്പത്തിലുളള തുമായ ഷാങ് ലിയറുകൾ നമ്മുടെ ശ്രദ്ധ ആകർഷിക്കും. താഴത്തെ നിലയിൽ കിരീടങ്ങൾ, വിവിധ രൂപത്തിലുള്ള മഞ്ചലുകൾ, വെള്ളി ആഭരണങ്ങൾ, വിളക്കുകൾ, പട്ടുതുണികൾ (Handmade) എന്നിവ പല മുറികളിലായി സജ്ജീകരിച്ചിരിക്കുന്നു. മുകളിലത്തെ നിലയിൽ നവാബുമാരുടെ ചിത്രങ്ങൾ തൂക്കിയ ഗാലറി, തടികളിൽ തീർത്ത വിവിധ തരം കൊത്തുപണികളോടുകൂടിയ ഫർണിച്ചറുകൾ, രാജസദസ്സ് ഒക്കെ കാണാം.
അവിടെ നിന്നും ഞങ്ങൾ പോയത് കവി നരസിംഹ മേത്തയുടെ ചോരോയിലേക്കാണ്.ഇവിടെ കയറിച്ചെല്ലുന്നത് കൃഷ്ണപ്രതിഷ്ഠയുള്ള ക്ഷേത്രാങ്കണത്തിലേക്കാണ്. ഗോവർദ്ധന പർവ്വതം ഒറ്റ വിരലിൽ പൊക്കി നിൽക്കുന്ന ഭഗവാൻ ശ്രീനാഥ്ജി (രാജസ്ഥാനിലെ ഉദയ്പൂരിൽ ശ്രീനാഥ്ജി ക്ഷേത്രമുണ്ട്. ആ വിവരണം മറ്റൊരു യാത്രക്കറിപ്പിൽ) .മുകളിലത്തെ നിലയിലേക്കു കയറുമ്പോൾ കൃഷ്ണ സംഗീതം നിറയുന്ന അന്തരീക്ഷം. കവിയുടെ ജീവിതകാലം വിവരിക്കുന്ന ചിത്ര ശേഖരമുള്ള ഒരു വലിയ ഹാൾ, അതിന്റെ വശത്തായി ഭജനുകൾ അടങ്ങിയ സിഡി വാങ്ങിക്കാനുള്ള തിരക്ക് ഒക്കെ കാണാം. 15-ാം നൂറ്റാണ്ടിലാണ് കവി ജീവിച്ചിരുന്നത്. ഇത്തരുണത്തിൽ ഗാന്ധിജിയെയും ഓർക്കാതിരിക്കാനാവില്ല.കാരണം അദ്ദേഹത്തിനേറ്റവും പ്രിയപ്പെട്ട 'വൈഷ്ണവ ജനതോ ' കാതിൽ മുഴങ്ങുന്നു.
        പിന്നീട് അശോകന്റെ ലേഖ് ശില കാണുവാൻ പോയി. അവിടെ കുറച്ചു പുതുക്കി പണിയലുകൾ നടന്നിരുന്നതിനാൽ അകത്തു കയറാനായില്ല. അവിടെ നിന്നും പത്തടി നീങ്ങിയാൽ റോഡിന്റെ വശത്തായി ഒരു പാറയിൽ പാലി ഭാഷയിൽ അശോക ലിഖിതങ്ങൾ കാണാം.
അതിനു ശേഷം ബൽദേവ്ജിയുടെ ക്ഷേത്ര സന്ദർശനം. പ്രധാന പ്രതിഷ്ഠ ബലരാമൻ. ഒരു വശത്ത് കൃഷ്ണനും രാധയും .മറു വശത്ത് സുദാമാവിന്റെ പ്രതിഷ്ഠ. വിന്റർ ആയതിനാൽ ഭഗവാന്മാരും സ്വെറ്റർ ഒക്കെ ഇട്ടിട്ടുണ്ട്. ദ്വാരകയിൽ കൃഷ്ണഭഗവാൻ ഈ വേഷത്തിൽ ഉറങ്ങാൻ പോകുന്നത് കണ്ടിട്ടുള്ളതിനാൽ ഒട്ടും അത്ഭുതം തോന്നിയില്ല, മറിച്ച്‌ നമ്മളിൽ ഒരാളെന്ന അടുപ്പം തോന്നുകയും ചെയ്തു .ഈ ക്ഷേത്രത്തിന്റെ ഒരു വശത്തായി മുചുകുന്ദൻ മോക്ഷപ്രാപ്തിക്കായി പൂജിച്ചുവെന്നു കരുതപ്പെടുന്ന ശിവ പ്രതിഷ്ഠയുള്ള ഒരു ഗുഹയും ഉണ്ട്.
ഗിർ നാർ കുന്നുകളുടെ താഴ്വാരവും പച്ചപ്പണിഞ്ഞകാടുമാണ് ചുറ്റും .ഈ സൗന്ദര്യം ആസ്വദിക്കുവാൻ അവിടെ ഇരുമ്പു ബഞ്ചുകളും ഇട്ടിട്ടുണ്ട്‌. അവിടെ നിന്നും കുറച്ചു മാറിയുള്ള ശിവക്ഷേത്ര ദർശനത്തോടെ അന്നത്തെ കാഴ്ചകൾക്ക് വിരാമമായി.
തിരിച്ചു വന്നപ്പോൾ ഓട്ടോക്കാരനോട് സൗത്ത് ഇന്ത്യൻ അല്ലെങ്കിൽ പഞ്ചാബി ഭക്ഷണം കിട്ടുന്ന സ്ഥലങ്ങൾ ചോദിച്ചു മനസ്സിലാക്കി. അയാൾ തന്നെസൗത്ത് ഇന്ത്യൻ കിട്ടുന്ന സ്ഥലത്ത് കൊണ്ടുവിടുകയും ചെയ്തു. മധുരക്കാരൻ രാജൂ ഭായ് അവിടെ പ്രശസ്തനാണ്.അങ്ങനെ രാജു ഭായിയുടെ ദോശ, ഇഡ്ഢലി ഒക്കെ കഴിച്ചു.
തിരികെ റൂമിലെത്തി ഫ്രെ ഷായപ്പോഴേക്കും മണി ഒമ്പതു കഴിഞ്ഞിരുന്നു. എല്ലാവരും അന്ന് തളർന്നുറങ്ങി.
   അതിരാവിലെ നാലു മണിക്ക് അലാറം കേട്ടാണുണർന്നത്.ഇന്നൊരു മലകയറ്റം ആണ് പ്ലാൻ ചെയ്തിരിക്കുന്നത്.
ഒരു മനോധൈര്യത്തിന്റെ ബലത്തിലാണ് യാത്ര.ലക്ഷ്യം ഗിർനാർ പർവ്വതം കീഴടക്കണം. മൂന്നു കുന്നുകളിലായി പരന്നു കിടക്കുന്ന ഗിർനാർ പർവ്വതത്തിന്റെ മൂന്നാം മലയിലെ ദത്താത്രേയ ക്ഷേത്രത്തിലെത്തണം. അവിടെ എത്തു വാൻ 10000 പടികൾ കയറണം. തിരിച്ച് അത്രയും പടികൾ ഇറങ്ങുകയും വേണം. ഇതിൽ 5000 പടികൾ കയറുന്നിടം വരെ നല്ല തിരക്കാണ്. അവിടെ ആദ്യമലയുടെ ഒരു തട്ടിലായി 5 ജൈനക്ഷേത്രങ്ങളുടെ ഒരു ക്ലോംപ്ലക്സ് തന്നെ കാണാം.ഇതിനകത്തായി 16 ചെറുമന്ദിരങ്ങൾ. ഇവയിൽ ഏറ്റവും വലുതും പഴക്കമുള്ളതും നേമിനാഥിന്റെ ക്ഷേത്രമാണ്. അവിടെ നിന്നും 1000 പടികൾ കൂടി കയറിയാൽ അംബാ മാതാജീ ക്ഷേത്രത്തിലെത്തും;ഒപ്പം ആദ്യമലയുടെ നെറുകയിലും.കാർത്തികപൂർണിമയ്ക്കാണിവിടെ പ്രാധാന്യം. അവിടെ നിന്ന് അടുത്ത മലയിൽ എത്തുമ്പോൾ ഭാവ്നാഥ് ക്ഷേത്രമാണ്.ശിവ പ്രതിഷ്ഠയാണ്. മഹാശിവരാത്രിക്ക് ഏറെ ഹിന്ദുക്കൾ മല കയറി വരുന്നുണ്ട്. ഈ മലയിൽ നിന്ന് ആയിരത്തി ചില്വാനം പടികൾ താഴോട്ടിറങ്ങി രണ്ടായിരം പടികൾ കയറുമ്പോൾ നാം 10000 പടികൾ താണ്ടി ദത്താത്രേയ ക്ഷേത്രത്തിലെത്തുന്നു. മറാഠികളുടെ കുലദൈവം എന്നാണ്ദത്താത്രേയൻ അറിയപ്പെടുന്നത്.ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരുടെ അംശാവതാരമാണ് ദത്താത്രേയഭഗവാൻ.
  ദത്താത്രേയന്റെ അടുത്തു നിൽക്കുന്നതും സ്വപ്നം കണ്ട് ഞങ്ങൾ ഗിർനാറിന്റെ താഴ്വാരത്തിലെത്തി. ആയിരക്കണക്കിനു വിശ്വാസികൾ.... നല്ല തിരക്കുണ്ട്. കയറുന്നതിനു മുമ്പ് എല്ലാവരും ഓരോ മുളവടി വാങ്ങണം.അതും പിടിച്ച് വേണം മലകയറുവാൻ. അങ്ങനെ ഞങ്ങൾ 4 മുളവടികൾ വാങ്ങി. 120 രൂപ .തിരിച്ചു വരുമ്പോൾ ഈ വടി വാങ്ങിയ സ്ഥലത്തു തന്നെ തിരിച്ചു കൊടുക്കണം. അപ്പോൾ 80 രൂപ തിരിച്ചുതരും. ഒരു വടിക്ക് 10 രൂപ വാടക.
  രണ്ടു ലിറ്റർ വെള്ളം, ഓറഞ്ച്, പേരയ്ക്ക ഒക്കെ കയ്യിൽ കരുതിയിട്ടുണ്ട്. ഞങ്ങൾ 6 മണിയോടെ മല കയറിത്തുടങ്ങി. ഇടയ്ക്കിടെ പടികളിൽ നമ്പർ എഴുതി വച്ചിട്ടുണ്ട്.ഒരു 800 പടി കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ തളർന്നു .ഒരു വേള തിരിച്ചു പോയാലോന്ന് വരെ ചിന്തിച്ചു.അതിനൊരു കാരണം ഒന്നു രണ്ടു പേർ 1500 വരെ ഒക്കെ പോയി തിരിച്ചു വരുന്നു. അത്രയും എത്തിയപ്പോഴേക്കും അവർ ഛർദ്ദിച്ചവശരായിരുന്നു. ഇങ്ങനെ തീരെ കയറാൻ ബുദ്ധിമുട്ടുള്ളവരെ കൊണ്ടുപോവുന്നതിന് ഡോളി സേവനം ലഭ്യമാണ്. ഡോളി എങ്ങനെയാണെന്നു വച്ചാൽ ഒരു നീണ്ട വടിയിൽ ഒരു കസേര കെട്ടിത്തൂക്കിയിട്ടുണ്ടാകും. രണ്ടു പേർ ചേർന്ന് തൂക്കിക്കൊണ്ടു പോകും. ആ കസേരയിലിരുന്ന് വടിയിൽ പിടിയ്ക്കണം. വടി ഇരിക്കുന്ന ആളിന്റെ കഴുത്തിന് കുറുകെ വരും. സത്യത്തിൽ ആ ഇരിപ്പിനും നല്ല സ്ട്രെയിൻ ആണ്.
ഞങ്ങൾ അങ്ങനെ ഇരുന്നും നിന്നും 1500 പിന്നിട്ടപ്പോഴേക്കും അതുമായി താദാത്മ്യം പ്രാപിച്ചുവെന്ന് പറയാം. പടികൾ ഓരോന്നായി എണ്ണിക്കയറുന്തോറും ഉളളിൽ സന്തോഷത്തിരമാലകൾ അലയടിച്ചു കൊണ്ടിരുന്നു. ഉയരം കൂടുന്തോറും താഴോട്ടുള്ള കാഴ്ചയുടെ ഭംഗി ഇരട്ടിച്ചു വന്നു. കയറുന്തോറും മേഘശകലങ്ങൾ ഞങ്ങളെ തൊട്ടുരുമ്മിയോ എന്നു സംശയം. കയറിപ്പോകുന്നവർ പരസ്പരം തിരക്കുന്നുണ്ട്- ഏതു വരെ പോകാനാണ് പ്ലാൻ? പോകുന്നിടം വരെ എന്നുത്തരവും പറഞ്ഞ് ഞങ്ങൾ പടികൾ കീഴടക്കിക്കൊണ്ടിരുന്നു. വഴിയിൽ സലാഡ് വെള്ളരി, തണ്ണി മത്തൻ ഒക്കെ കിട്ടും.മോരു വെള്ളം, ലൈം ജ്യൂസ് ഒക്കെ ഇടയ്ക്കിടെ കുടിച്ച് ഞങ്ങൾ ക്ഷീണം തീർത്ത് നാലായിരം പടി പിന്നിട്ടു. കുറെ നേരമായി ഒരു ചായ കിട്ടിയിരുന്നെങ്കിൽ എന്നു തോന്നിത്തുടങ്ങിയിട്ട്.... ആ സമയത്ത് ഒരപ്പൂപ്പന്റെ കട... ബ്രെഡ് പക്കോഡയും ചായയും കഴിച്ചു.നല്ല ഗർമാഗരം ഗുജു മസാല ചായ... ഞാൻ ഒരു ചായയ്ക്കു പകരം രണ്ടു ചായ കുടിച്ചു. വീണ്ടും പടികൾ കയറിത്തുടങ്ങി. 5000 പടികൾ കയറി ജൈനമന്ദിരങ്ങൾ തൊഴുതിറങ്ങി. അപ്പോഴേക്കും സമയം 12 മണിയോടടുത്തു. നല്ല വെയിലായിത്തുടങ്ങി. 10 മിനിറ്റ് അവിടെ ഇരുന്നു വിശ്രമിച്ച ശേഷം ഞങ്ങൾ വീണ്ടും മുന്നോട്ട്... ഈ 5000 പടികൾക്കു ശേഷമുള്ള പടികളെല്ലാം തന്നെ കുറെക്കൂടി കാഠിന്യമേറിയതാണ്. വീതിയും കുറവ്.... കീഴ്ക്കാംതൂക്കായപടികൾ..... രണ്ടു വശത്തും കുറ്റിക്കാടുകൾ നിറഞ്ഞ കൊക്കകൾ .....ജഗദംബയെ മനസ്സിൽ ധ്യാനിച്ച് ഞങ്ങൾ ആയിരം പടികൾ കൂടി പിന്നിട്ട് 6000 പൂർത്തിയാക്കി.അംബാ മാതാജിയെ തൊഴുതു. കരിങ്കല്ലിൽ കൊത്തുപണികളോടുകൂടി രണ്ടുനിലകളിലായാണ് ക്ഷേത്രം നിലകൊള്ളുന്നത്. അമ്പലത്തിനകത്ത് നല്ല തണുപ്പ് ,ശാന്തി.... പറഞ്ഞറിയിക്കാനാവാത്ത ആത്മനിർവൃതിയിൽ മനം നിറഞ്ഞു തുളുമ്പി.മൂക്കുത്തിയൊക്കെയണിഞ്ഞ് നമ്മുടെ കന്യാകുമാരീദേവിയെ ഓർമ്മിപ്പിക്കുന്ന സുന്ദരി ദേവി ...
   സമയം ഒരു മണിയായി. ഈ 6000 പടികൾ വരെ മാത്രമേ കടകളും മറ്റും ഉള്ളു.പിന്നെയങ്ങോട്ട് വിജനത മാത്രം. കയറിയ അത്രയും ഇറങ്ങുകയും വേണമല്ലോ. രാത്രി തിരിച്ച് അഹമ്മദാബാദിലേക്ക് 10 മണിക്കുള്ള ബസിൽ റിസർവേഷൻ ഉണ്ട്. ഇത്രയും പടികൾ കയറാൻ ഏകദേശം ആറര മണിക്കൂർ എടുത്തിട്ടുണ്ട്‌. അര മണിക്കൂറോളം ദേവീ സന്നിധിയിലും ചുറ്റുമായി ചിലവഴിച്ചു.രാത്രി മലമുകളിൽ തങ്ങാനാണെങ്കിൽ മാത്രമേ പതിനായിരം പടി കയറി ദത്താത്രേയന്റെ അടുത്തെത്താൻ പറ്റൂ. അങ്ങനെ പോവുകയാണെങ്കിൽ തന്നെ മൂന്നാം മലയിലെത്തി ദത്താത്രേയനെ കണ്ട് തിരിച്ച് 5000 പടികൾ ഇറങ്ങി ജൈനക്ഷേത്രങ്ങളുടെ കോംപ്ലക്സിൽ വന്നാൽ മാത്രമേ താമസ സൗകര്യമുള്ളൂ.
അങ്ങനെ പ്രായോഗികമായത് ആ കുന്നിൻ നെറുകയിൽ യാത്ര അവസാനിപ്പിക്കുകയാണെന്ന തിരിച്ചറിവോടെ അവിടെ നിന്നു കൊണ്ട് ഭാവ്നാഥ് ജിയെയും ദത്താത്രേയ ഭഗവാനേയും തൊഴുത് ഇനിയൊരിക്കൽ നിയോഗമുണ്ടെങ്കിൽ വരാൻ സാധിക്കണേ എന്ന പ്രാർത്ഥനയുമായി ഞങ്ങൾ അവിടെ നിന്നും പിൻ വാങ്ങി.ഏകദേശം നാലര മണിക്കൂർ കൊണ്ട് താഴെ എത്തി.
   തിരിച്ച് മുറിയിൽ വന്ന് ചൂടുവെള്ളത്തിൽ കുളിച്ച് റെഡിയായി 7 മണിയോടെ രാജൂ ഭായിയുടെ ദോശ കഴിക്കാനെത്തി.അന്നത്തെ ദിവസം ഇടക്കൊരു പക്കോഡ കഴിച്ച തൊഴിച്ചാൽ വേറൊന്നും കാര്യമായി കഴിച്ചിട്ടില്ല. എന്നാലും വിശപ്പും ക്ഷീണവുമൊന്നും തോന്നിയില്ല. ചെറുതായി മസില് വേദനയൊക്കെ തോന്നിയെങ്കിലും മനസ്സിൽ നല്ലൊരു അനുഭൂതി നിറഞ്ഞിരുന്നു.
കയറിയും ഇറങ്ങിയും 12000 പടികൾ..... വെണ്ണക്കല്ലിൽ തീർത്ത ജൈനക്ഷേത്രങ്ങൾ.... ആർക്കിടെക്ചറിന്റെ പാരമ്യം എന്നു പറയാവുന്ന പഴമയുടെ സൗന്ദര്യം വിളിച്ചോതുന്ന ബൃഹത്തായ നേമിനാഥ ക്ഷേത്രം.....സുന്ദരിയും അഭീഷ്ട വരദായിനിയുമായ അംബാ മാതാജി.... മുകളിൽ നിന്ന് താഴോട്ട് കാണുമ്പോഴുള്ള കാനന സൗന്ദര്യം ... ഇത്രയുമായിരുന്നു മനസ്സിൽ.
  പുണ്യപുരാതനമായ ഗിർനാർ മലനിരകളിലെ തീർത്ഥാടകർ പരസ്പരം ആശംസിക്കുന്നത് 'ജയ് ഗിർനാരി ' എന്നാണ്. ഞങ്ങളും ഒരു പാട് പേരെ ശിരസ്സ് നമിച്ചു കൊണ്ട് ആശംസിക്കുകയും ആശംസകൾ ഏറ്റുവാങ്ങുകയും ചെയ്തു.... "ജയ് ഗിർനാരി"...
****************
അമ്പിളി ഗോപൻ.
* * * * * * * * * * *